ഡോ. തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്താ ‘പല വര്‍ഷങ്ങളില്‍ വ്യത്യസ്തമായ സാഹചര്യങ്ങളില്‍’ സഭാവിജ്ഞാനീയം (Ecclesiology) സംബന്ധിച്ച് എഴുതിയ ശ്രദ്ധേയവും പഠനാര്‍ഹവുമായ ലേഖനങ്ങളുടെ ഈ സമാഹാരത്തിന് യാതൊരു അവതാരികയും വാസ്തവത്തില്‍ ആവശ്യമില്ല. എങ്കിലും അദ്ദേഹം സ്നേഹപൂര്‍വ്വം ആവശ്യപ്പെട്ടതുകൊണ്ടു മാത്രം ഈ കുറിപ്പ് എഴുതുന്നു.
പൊതുവെ പറഞ്ഞാല്‍ മൂന്നു പ്രധാന വിഷയങ്ങളാണ് അദ്ദേഹം ‘ഓര്‍ത്തഡോക്സി: നടപ്പും സിദ്ധാന്തവും’ എന്ന ഈ പുസ്തകത്തില്‍ ചര്‍ച്ച ചെയ്യുന്നത്.
ഒന്നാമതായി, വേദശാസ്ത്രത്തിന്‍റെയും പൈതൃക പ്രബോധനങ്ങളുടെയും വെളിച്ചത്തില്‍ ക്രിസ്തീയ സഭയുടെ സ്വഭാവം, പ്രവര്‍ത്തനശൈലി, ദൗത്യം, ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിചിന്തനം. ക്രിസ്തുവിന്‍റെ സഭയെക്കുറിച്ചുള്ള ഈ അടിസ്ഥാനചിന്തയും വിശകലനവുമാണ് അടുത്ത രണ്ട് വിഷയങ്ങള്‍ക്ക് ആധാരവും നിയാമകവുമാകുന്നത്.
രണ്ടാമതായി, എപ്പിസ്കോപ്പാ (Bishop) യുടെ ഇടയശുശ്രൂഷ, അധികാരം, നിയോഗം തുടങ്ങിയവ സംബന്ധിച്ച് ആദിമസഭയില്‍ ഉണ്ടായിരുന്ന ധാരണകള്‍, അവയ്ക്കുണ്ടായ പരിണാമം, ഇന്നത്തെ സാഹചര്യത്തില്‍ അഭിലഷണീയമായ മാറ്റങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍. കഴിഞ്ഞ 30 വര്‍ഷങ്ങളായി എപ്പിസ്കോപ്പല്‍ ശുശ്രൂഷ നിര്‍വഹിക്കുന്ന ഗ്രന്ഥകാരന്‍റെ ഈ ചിന്തകള്‍ സവിശേഷമായ പരിഗണന അര്‍ഹിക്കുന്നു.
മൂന്നാമതായി, ഒരു നൂറ്റാണ്ടിനപ്പുറം മലങ്കരസഭയില്‍ ആരംഭിച്ച്, ഇടക്കാലത്ത് നിയമാനുസൃതമായും കാനോനികമായും പരിഹൃതമായി, എങ്കിലും വീണ്ടും ആരംഭിച്ച കക്ഷിഭിന്നതയുടെ കാരണങ്ങളും പരിഹാര നിര്‍ദേശങ്ങളും. ഭരണഘടന, പരമോന്നത കോടതിവിധികള്‍ തുടങ്ങി ലഭ്യമായ എല്ലാ രേഖകളും പരിശോധിച്ച്, സമകാലിക മലങ്കരസഭയുടെ സിനഡല്‍ ഘടനയും, അധികാരസ്ഥാനങ്ങള്‍ തമ്മിലുള്ള ചരിത്രപരമായ ബന്ധവും വിശകലനം ചെയ്ത് മലങ്കരസഭയുടെ സമ്പൂര്‍ണ്ണ സ്വാതന്ത്ര്യവും നിയോഗബോധവും ഉറപ്പിച്ചു പറയുന്നു. സഭാഭരണഘടനയുടെയും കോടതിവിധികളുടെയും പശ്ചാത്തലത്തില്‍ വൈകാരികവും നൈയാമികവും ക്രിസ്തീയവുമായ ഐക്യം സാക്ഷാത്കരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ആരായുകയും ചെയ്യുന്നു.
അല്‍പ്പം വ്യത്യസ്തങ്ങളായ ലേഖനങ്ങളുമുണ്ട്. വായനക്കാര്‍ക്ക് യോജിപ്പും വിയോജിപ്പും ഉണ്ടാകാവുന്ന കാര്യങ്ങളുമുണ്ട്. ഇത് സ്വാഭാവികമാണ്. വാദപ്രതിവാദങ്ങള്‍ നല്ല സംവാദത്തിന്‍റെ ഭാഗമാണ് (സംവദിക്കുക എന്നാല്‍ ഒരുമിച്ചു പറയുക എന്നര്‍ത്ഥം). സംവാദത്തില്‍ നിന്നാണല്ലോ സമന്വയം ഉണ്ടാകുന്നത്.
ചെറിയ അധ്യായങ്ങളായതുകൊണ്ടും വിവിധ സന്ദര്‍ഭങ്ങളില്‍ എഴുതിയതായതുകൊണ്ടും സൂക്ഷ്മമായ വിശദാംശങ്ങളിലേക്ക് ഗ്രന്ഥകര്‍ത്താവ് പോകുന്നില്ല. ലേഖനങ്ങള്‍ എഴുതിയ കാലസൂചനയും രേഖപ്പെടുത്തുന്നില്ല. ആധുനിക മലങ്കരസഭാ ചരിത്രത്തിലെ പ്രധാന വഴിത്തിരിവുകളും ആശയസംഘര്‍ഷങ്ങളും ദിശാസൂചനകളുമാണ് നല്‍കുന്നത്. ഒരുവിധത്തില്‍ അത് വായനക്കാര്‍ക്ക് പ്രയോജനകരമാണ്. കാരണം, കോടതി വ്യവഹാരത്തിന്‍റെ നൂലാമാലകളൊന്നും സാധാരണ വായനക്കാര്‍ക്ക് താല്‍പര്യമുള്ളതല്ല. ഒരേ വിശ്വാസവും ഒരേ ആരാധനയും അടുത്ത രക്തബന്ധവുമുള്ള ഒരേ കുടുംബവുമായ മലങ്കരസഭയുടെ ഭിന്നതയില്‍ ഹൃദയംനൊന്ത് ദുഃഖിക്കുന്ന ബഹുഭൂരിപക്ഷം വിശ്വാസികള്‍ക്കും വ്യവഹാരത്തിന്‍റെ വിശദാംശങ്ങളെക്കാള്‍ പ്രധാനം, അന്തിമമായി അതെല്ലാം അനുരഞ്ജനത്തിലേക്കും ഐക്യത്തിലേക്കും നയിക്കുന്നുണ്ടോ എന്ന ചോദ്യമാണ്. കാരണം, അവരാണ് ഭിന്നതയുടെ കുടുംബപരവും സാമൂഹികവുമായ തീവ്ര വേദന നേരിട്ട് അനുഭവിക്കുന്നത്. ക്രിസ്തീയവും അജപാലനപരവുമായി ഇതാണ് പ്രധാന ചോദ്യം എന്ന് ഗ്രന്ഥകാരന്‍ നന്നായി മനസ്സിലാക്കിയിട്ടുള്ളതുകൊണ്ട്, വളരെ വ്യക്തമായും കഴിയുന്നിടത്തോളം വസ്തുനിഷ്ഠത പാലിച്ചും അന്തിമലക്ഷ്യത്തില്‍ നിന്ന് വ്യതിചലിക്കാതെയുമാണ് അദ്ദേഹം ലേഖനങ്ങള്‍ രചിച്ചിരിക്കുന്നത്.
ഈ ലക്ഷ്യം കൈവരിക്കുന്നതിന്, നല്ല ഉദ്ദേശ്യം മാത്രം പോരാ, ചരിത്രപരമായ പഠനങ്ങള്‍, നിയമജ്ഞാനം, ബുദ്ധിപൂര്‍വ്വകവും ഉദാരവുമായ ഉടമ്പടികള്‍, ഉടമ്പടികളെ ബഹുമാനിക്കാനുള്ള നിഷ്ക്കപടമായ സന്നദ്ധത തുടങ്ങി പല സംഗതികളും ആവശ്യമാണ് എന്ന് ഗ്രന്ഥകര്‍ത്താവിന് നല്ല ബോധ്യമുണ്ട്. അതുകൊണ്ടാണ് സമാധാനം, ഐക്യം എന്നൊക്കെ വെറുതെ പറയാതെ, സഭയുടെ ഭാവിയെക്കുറിച്ച് കാര്യകാരണ സഹിതം യുക്തിപൂര്‍വ്വമായ ഒരു ചര്‍ച്ച അദ്ദേഹം അവതരിപ്പിക്കുന്നത്. എന്നാല്‍ ചര്‍ച്ചകള്‍ക്കും അന്വേഷണങ്ങള്‍ക്കും ഏക ലക്ഷ്യമേയുള്ളു. അത് മലങ്കരസഭയുടെ കാനോനികവും ഭരണഘടനാനുസൃതവും ക്രിസ്തീയവുമായ ഐക്യമാണ്.
ഒരു തുറന്ന ചര്‍ച്ചയ്ക്ക് വഴിയൊരുക്കണം എന്ന ചിന്ത ഗ്രന്ഥകാരനുണ്ട് എന്നു വ്യക്തമാണ്. ചര്‍ച്ച, സംവാദം എന്നിവയിലൂടെ ആണല്ലോ നാം സമ്യക്കായ തീരുമാനങ്ങളില്‍ എത്തുന്നത്. ഗ്രന്ഥകാരന്‍റെ എല്ലാ അഭിപ്രായങ്ങളോടും ഈ ലേഖകനോ ഭാവി വായനക്കാരോ യോജിക്കണമെന്നില്ല.
പുസ്തകത്തിന്‍റെ പൊതുവിഷയം സഭാവിജ്ഞാനീയമായതുകൊണ്ട്, ഗ്രന്ഥകര്‍ത്താവ് ഇവിടെ ചര്‍ച്ച ചെയ്യുന്ന കാര്യങ്ങളോട് പ്രതിസ്പന്ദിച്ചുകൊണ്ട് ചില നിരീക്ഷണങ്ങള്‍ നടത്തട്ടെ.
1. കര്‍ത്താവായ യേശുക്രിസ്തു “ചെറിയ ആട്ടിന്‍കൂട്ടം” എന്നു വിശേഷിപ്പിച്ച തന്‍റെ അനുഗാമികളുടെ കൂട്ടായ്മ പിന്നീട് സ്ഥാപനവല്‍ക്കരിക്കപ്പെട്ട് നാലാം നൂറ്റാണ്ടില്‍ റോമാ സാമ്രാജ്യത്തിന്‍റെ ഔദ്യോഗിക മതമായിത്തീര്‍ന്നപ്പോള്‍, ഒരു വിധത്തിലുള്ള സാമ്രാജ്യ സഭാവിജ്ഞാനീയം (Imperial Ecclesiology) അവിടെയുള്ള പ്രധാന ക്രിസ്തീയ മതകേന്ദ്രങ്ങളില്‍ ഉരുത്തിരിഞ്ഞു. സാമ്രാജ്യത്തിലെ പ്രധാന നഗരങ്ങളായ റോമിലും കോണ്‍സ്റ്റാന്‍റിനോപ്പിളിലും അലക്സാന്ത്ര്യയിലും അന്ത്യോഖ്യയിലും പിന്നീട് വികസിച്ച സഭാവിജ്ഞാനീയം ഈ സാമ്രാജ്യത്വ ശൈലിയിലായി. ആറാം നൂറ്റാണ്ടോടു കൂടി ഈ പ്രധാന നഗരങ്ങളിലെ എപ്പിസ്കോപ്പാമാര്‍ (Bishops) പാത്രിയര്‍ക്കീസ് എന്ന സ്ഥാനപ്പേരെടുത്തു. റോമന്‍/ബിസന്‍റയിന്‍ ചക്രവര്‍ത്തിമാരുടെ പ്രവിശ്യാ ഗവര്‍ണര്‍മാരെപ്പോലെ രാജകീയ പദവികളിലും അധികാരചിഹ്നങ്ങളിലും വേഷഭൂഷാദികളിലും അഭിരമിച്ചു തുടങ്ങിയ ചില പാത്രിയര്‍ക്കീസന്മാര്‍ തങ്ങളുടെ സഭാപരമായ അതിര്‍ത്തികള്‍ വികസിപ്പിക്കാനും വെട്ടിപ്പിടിക്കാനും സാമന്തന്മാരെ സൃഷ്ടിക്കാനും മറ്റും തുടങ്ങി. ഈ പാത്രിയര്‍ക്കാ സ്ഥാനങ്ങള്‍ തമ്മിലുള്ള അധികാര മത്സരങ്ങളും സ്ഥാനമഹിമ സംബന്ധിച്ച തര്‍ക്കങ്ങളുമാണ് പ്രധാനമായും ഏക സഭയുടെ ഭിന്നതകള്‍ക്ക് കാരണമായത്. അവയ്ക്ക് പലപ്പോഴും മറയായിട്ടാണ് ക്രിസ്തുവിന്‍റെ ആളത്തം സംബന്ധിച്ച (Christology) സങ്കീര്‍ണ്ണമായ തര്‍ക്കങ്ങള്‍ പ്രധാനമായും ഉയര്‍ന്നു വന്നത്. ക്രിസ്തുവിന്‍റെ ആളത്തം സംബന്ധിച്ചോ, യേശുവിന്‍റെ അമ്മയായ മറിയാമിന്‍റെ സ്ഥാനം സംബന്ധിച്ചോ ഉണ്ടായ തര്‍ക്കങ്ങളൊക്കെ സ്നേഹപൂര്‍വ്വം ചര്‍ച്ചയിലൂടെ പരിഹരിക്കാവുന്നവയായിരുന്നു എന്ന് ഇപ്പോള്‍ പലര്‍ക്കും ബോധ്യമാണ്. പുരാതന സഭകള്‍ തമ്മിലുള്ള പുതിയ ചര്‍ച്ചകളിലൂടെ അവയില്‍ മിക്കതും ഇപ്പോള്‍ വേദശാസ്ത്രപരമായി പരിഹരിക്കപ്പെടുകയും ചെയ്തു. എങ്കിലും ഭിന്നതകള്‍ നിലനില്‍ക്കുന്നു.
റോമന്‍ പേരു സൂചിപ്പിക്കുന്നതുപോലെ, പാശ്ചാത്യ തദ്ദേശീയ സഭയായിരുന്ന (Local Church) റോമന്‍ കത്തോലിക്കാ സഭ പതിനഞ്ചാം നൂറ്റാണ്ടോടു കൂടി യൂറോപ്യന്‍ കൊളോണിയല്‍ പ്രസ്ഥാനത്തിലൂടെ ലോകം മുഴുവന്‍ ആ പ്രാദേശിക സഭയുടെ അതിര്‍ത്തികള്‍ വികസിപ്പിച്ചു. ലത്തീന്‍ പാരമ്പര്യത്തിലുള്ള ബ്രാഞ്ച് സഭകളും, പൗരസ്ത്യ/ഓര്‍ത്തഡോക്സ് പാരമ്പര്യത്തില്‍ നിന്ന് പല മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് വകഞ്ഞെടുത്ത “റീത്തു” (Oriental / Eastern Rite) സഭകളും എല്ലാം റോമിന്‍റെ കീഴിലാക്കുകയും, റോമിലെ പ്രാദേശിക സഭ ‘സാര്‍വ്വത്രിക സഭ’ (Universal Church) എന്ന് സ്വയം വിളിക്കുകയും ചെയ്തു. സ്വാഭാവികമായും റോമിലെ ബിഷപ്പ്/പാത്രിയര്‍ക്കീസ്/പാപ്പാ സാര്‍വ്വത്രിക ഇടയന്‍ (Universal Pastor) എന്ന സ്ഥാനപ്പേരുമെടുത്തു. ക്രമേണ പാശ്ചാത്യ സഭയും പൗരസ്ത്യ സഭകളും തമ്മില്‍ രൂക്ഷമായ ഭിന്നതകള്‍ ഉടലെടുത്തു.
ഇതിന് സമാനമായ ഒന്നാണ് കോണ്‍സ്റ്റാന്‍റിനോപ്പിളിലെ പാത്രിയര്‍ക്കാ സ്ഥാനത്തിനുണ്ടായത്. റോമാ സാമ്രാജ്യത്തിന്‍റെ പുതിയ തലസ്ഥാനമായ കോണ്‍സ്റ്റാന്‍റിനോപ്പിള്‍ (പഴയ ബിസാന്‍റിയം) കേന്ദ്രമാക്കി ഭരിച്ച ഗ്രീക്ക് ഓര്‍ത്തഡോക്സ് പാരമ്പര്യത്തില്‍പ്പെട്ട പുതിയ പാത്രിയര്‍ക്കേറ്റ് പ്രമുഖസ്ഥാനം അവകാശപ്പെട്ടു. റോമാ സാമ്രാജ്യത്തിന്‍റെ പര്യായമായി കരുതിയിരുന്ന Oikoumene (ഇക്കുമെനി – മനുഷ്യാധിവാസമുള്ള ഭൂമി മുഴുവന്‍) എന്ന വാക്കു തന്‍റെ വിശേഷണമായെടുത്ത് ‘Ecumenical Patriarch’ എന്നു സ്വയം വിളിച്ചു. ഇന്നും ആ പേര് നിലനില്‍ക്കുന്നു. റോമിലെ പാത്രിയര്‍ക്കീസിന് ഇത് കടുത്ത അതൃപ്തിയുണ്ടാക്കി. ഗ്രീക്കുകാരായ രണ്ട് മിഷണറിമാരാണ് (സിറില്‍, മെഥോഡിയോസ്) ബള്‍ഗേറിയ, റഷ്യാ തുടങ്ങിയ സ്ലാവിക് രാജ്യങ്ങളില്‍ സുവിശേഷം അറിയിച്ചതും, അവര്‍ക്ക് സ്ലാവോണിക് ഭാഷയുടെ ലിപിയുണ്ടാക്കിയതും മറ്റും. പില്‍ക്കാലത്ത് റഷ്യന്‍ സഭയും മറ്റും 500 വര്‍ഷം കോണ്‍സ്റ്റാന്‍റിനോപ്പിളിലെ പാത്രിയര്‍ക്കീസിന്‍റെ ഭരണാധിപത്യത്തിലായി. പിന്നീട് അവ സ്വതന്ത്രമായെങ്കിലും മോസ്ക്കോയും കോണ്‍സ്റ്റാന്‍റിനോപ്പിളും തമ്മില്‍ തുടരുന്ന നിര്‍ഭാഗ്യകരമായ ഉരസല്‍ അതിന്‍റെ ബാക്കിപത്രമാണ്.
അലക്സാന്ത്രിയ, അന്ത്യോഖ്യാ എന്നിവ 451-ലെ കല്‍ക്കദോന്യ സുന്നഹദോസോടെ റോമന്‍/ബിസാന്‍റയിന്‍ രാജകീയ സംരക്ഷണത്തിന് പുറത്താവുകയും ആ സഭകള്‍ വേദവിപരീതികള്‍ എന്ന് മുദ്രയടിക്കപ്പെട്ടു. വളരെ പീഡനം ഏല്‍ക്കുകയും ചെയ്തു. എങ്കിലും, ആ കേന്ദ്രങ്ങളിലെ ചില പാത്രിയര്‍ക്കീസുമാര്‍ അധികാരവും ശക്തിയും നഷ്ടപ്പെട്ട് ഇസ്ലാമിക ഭരണത്തിന്‍കീഴിലായെങ്കിലും പഴയ ധാരണകളെ ഗൃഹാതുരത്വത്തോടെ വച്ചുപുലര്‍ത്തിക്കൊണ്ടിരുന്നു. പില്‍ക്കാലത്ത് എത്യോപ്യ, ഇന്ത്യ എന്നിവിടങ്ങളിലുള്ള പുരാതന തദ്ദേശീയ സഭകളുമായി ഉണ്ടായ ബന്ധങ്ങള്‍ കലുഷമാവാന്‍ ഈ ധാരണകള്‍ കാരണമാവുകയും ചെയ്തു. ഇന്ത്യന്‍ സഭയും അന്ത്യോഖ്യാ പാത്രിയര്‍ക്കേറ്റുമായി ഉണ്ടായ ബന്ധത്തിലെ വേദനാപൂര്‍ണമായ വിള്ളലുകള്‍ പഴയ റോമന്‍ സാമ്രാജ്യത്വ സഭാഘടനയുടെയും അധികാര സങ്കല്‍പ്പത്തിന്‍റെയും (imperial and patriarchal ecclesiology) ബാക്കിപത്രമാണ്.
ചുരുക്കത്തില്‍, രാഷ്ട്രീയ-രാജകീയ മാതൃകയില്‍ പ്രധാന നഗരങ്ങളിലെ സഭാ അദ്ധ്യക്ഷന്മാരായ എപ്പിസ്കോപ്പാമാര്‍ അധികാരം കൈയാളുകയും കര്‍തൃത്വം നടത്തുകയും ചെയ്തപ്പോഴാണ് സഭയില്‍ പ്രധാന ഭിന്നതകള്‍ ഉണ്ടായത്. ‘നിങ്ങള്‍ ലോകത്തിലെ ഭരണാധികാരികളെപ്പോലെ ആകരുത്’ (മത്തായി 20:25-26) എന്നു യേശുക്രിസ്തു പറഞ്ഞതിന് നേര്‍ വിരുദ്ധമായിട്ടാണ് സാമ്രാജ്യത്വ സഭാഘടന രൂപപ്പെട്ടത്. പില്‍ക്കാല ലോകത്തില്‍ സാമ്രാജ്യത്വ കൊളോണിയലിസം (Imperial Colonialism) എങ്ങനെ ലോകത്തെ കീഴടക്കാന്‍ ശ്രമിച്ചുവോ അതേ മാതൃകയാണ് സാമ്രാജ്യത്വ മാതൃകയില്‍ പഴയ പാത്രിയര്‍ക്കേറ്റുകള്‍ (Imperial Ecclesiology) സ്വീകരിച്ചത്. ഐക്യപ്രസ്ഥാനങ്ങള്‍ പലതുണ്ടായെങ്കിലും പഴയ റോമന്‍, പോര്‍ച്ചുഗീസ്, ബ്രിട്ടീഷ് തുടങ്ങിയ സാമ്രാജ്യങ്ങളുടെ അധികാരഭൂതങ്ങള്‍ ഇന്നും നമ്മെ ആവേശിക്കുകയും സഹോദരങ്ങളായ നമ്മെ തമ്മിലടിപ്പിക്കുകയും ചെയ്യുന്നു.
അതുകൊണ്ട് ഡോ. അത്താനാസ്യോസ് മെത്രാപ്പോലീത്താ ഓര്‍ത്തഡോക്സ് വേദശാസ്ത്രത്തിന്‍റെയും പൈതൃക പാരമ്പര്യത്തിന്‍റെയും വെളിച്ചത്തില്‍ അവതരിപ്പിക്കുന്ന ആദിമ സഭാവിജ്ഞാനീയ കാഴ്ചപ്പാടുകള്‍ നമ്മുടെ സവിശേഷ ശ്രദ്ധയ്ക്ക് വിഷയമാക്കേണ്ടതാണ്.
2. ഫ്രാന്‍സിസ് മാര്‍പാപ്പാ സ്ഥാനമേറ്റ് നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു, “ഞാന്‍ റോമിലെ ബിഷപ്പാണ്”, ഇത് എല്ലാ പാപ്പാമാരുടെയും പ്രഥമ സ്ഥാനപ്പേരാണ്. എന്തിനാണ് ഫ്രാന്‍സിസ് പാപ്പാ അതെടുത്ത് പറഞ്ഞത്? ക്രിസ്തീയ സഭാശാസ്ത്രപരമായി ഏറ്റവും ഉചിതമായ സ്ഥാനം അതാണ്. ഓര്‍ത്തഡോക്സ് സഭകള്‍ക്കെല്ലാം ഏറ്റം സ്വീകാര്യമായ സ്ഥാനമാണത്. അതേക്കുറിച്ച് ആ സമയത്തു തന്നെ വിശദമായി എഴുതിയിരുന്നതുകൊണ്ട് അതിലേക്ക് കടക്കുന്നില്ല. Bishop of Rome (Episcopus romanus) എന്ന് മഹാനായ ഫ്രാന്‍സിസ് പാപ്പാ പറഞ്ഞതുപോലെ കോണ്‍സ്റ്റാന്‍റിനോപ്പിളിലേയും അലക്സാന്ത്രിയായിലെയും അന്ത്യോഖ്യായിലെയും പാത്രിയര്‍ക്കീസന്മാര്‍ ആത്മാര്‍ത്ഥമായി പറഞ്ഞിരുന്നെങ്കില്‍ (“ഞാന്‍ അലക്സാന്ത്രിയയിലെ/അന്ത്യോഖ്യയിലെ എപ്പിസ്കോപ്പാ ആണ്”) ഓര്‍ത്തഡോക്സ് സഭകളില്‍ ഇന്നും നിലനില്‍ക്കുന്ന മിക്ക കലഹങ്ങളും സംഘര്‍ഷങ്ങളും മുടക്കുകളും ഇല്ലാതായേനെ (ഈ സ്ഥലപ്പേരുകള്‍ മൂന്നും ഇന്ന് പുരാതന സഭാചരിത്രത്തിന്‍റെ തിരുശേഷിപ്പുകളായി മാത്രമേ നിലനില്‍ക്കുന്നുള്ളു).
3. ‘എപ്പിസ്കോപ്പാ’ (Bishop) യുടെ പ്രധാന ചുമതലകളിലൊന്ന് സഭാശരീരത്തിന്‍റെ ഐക്യം നഷ്ടപ്പെടാതെ അതിന്‍റെ സമഗ്രത കാത്തുസൂക്ഷിക്കുകയെന്നതാണ്. ഐക്യത്തിന്‍റെ പ്രതീകമാണ് എപ്പിസ്കോപ്പാ. എന്നാല്‍ ചരിത്രം നോക്കുമ്പോള്‍ ആ സ്ഥാനം പലപ്പോഴും ഭിന്നതയുടെ പ്രതീകമായി മാറുന്നു. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ കേരളത്തില്‍ വരെ ഇത് വ്യക്തമാണ്. ഒരു സഭയില്‍ ഭിന്നതയുണ്ടാക്കണമെന്നോ, പുതിയ ഒരു സഭ സൃഷ്ടിക്കണമെന്നോ ആഗ്രഹിക്കുന്നവര്‍ ആദ്യം ശ്രമിക്കുന്നത് ഒരു ബിഷപ്പിനെ ഉണ്ടാക്കാനാണ്. ന്യായമായ മാര്‍ഗ്ഗത്തിലൂടെ അത് ലഭ്യമല്ലാത്തതുകൊണ്ട് അവര്‍ കുത്സിത മാര്‍ഗ്ഗം അവലംബിക്കും. അതുവരെ സാധാരണ വിശ്വാസി എന്നോ ഉപദേശി എന്നോ പാസ്റ്റര്‍ എന്നോ അറിയപ്പെട്ടിരുന്ന ആള്‍ ഒരു സുപ്രഭാതത്തില്‍ ബിഷപ്പായും ആര്‍ച്ച് ബിഷപ്പായും പൗരസ്ത്യ സഭയുടെ മെത്രാപ്പോലീത്തായായും അതിനപ്പുറത്തുള്ള സ്ഥാനിയായും പ്രത്യക്ഷപ്പെടും. വന്‍ സാമ്പത്തിക ക്രമക്കേടുകളെ സര്‍ക്കാരില്‍ നിന്നും മറ്റും മറച്ചുവയ്ക്കാനും ഈ സ്ഥാനം ഉപയോഗിക്കുന്നവരുണ്ട്.
ക്രിസ്തീയ സഭയില്‍, പ്രത്യേകിച്ച് ഓര്‍ത്തഡോക്സ് പാരമ്പര്യത്തില്‍ സുപ്രധാനമായ എപ്പിസ്കോപ്പാ സ്ഥാനത്തെക്കുറിച്ചും സുന്നഹദോസിനെക്കുറിച്ചും വളരെ സുചിന്തിതമായ വിശകലനമാണ് മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്താ നടത്തുന്നത്.
4. ഫ്രാന്‍സിസ് പാപ്പാ തന്‍റെ ശുശ്രൂഷയുടെ ഏതാണ്ട് അവസാന ഘട്ടമായപ്പോള്‍, ‘സുന്നഹദോസ്’ എന്ന ആശയം കേന്ദ്രവിഷയമായി കത്തോലിക്കാ സഭയില്‍ ചര്‍ച്ചകള്‍ നടത്തുവാന്‍ ആവശ്യപ്പെട്ടിരിക്കയാണ്. ഈ വാക്കും ആശയവും ഓര്‍ത്തഡോക്സ് സഭകള്‍ക്കൊന്നും പുതുമയുള്ളതല്ല. മാത്രവുമല്ല, സഭാഘടനയില്‍ അവശ്യം ഉണ്ടായിരിക്കേണ്ട ഒപ്പംനടപ്പ് (Walking together അതാണ് Synodos എന്ന വാക്കിനര്‍ത്ഥം), സമാലോചന, സംവാദം എന്നിവയെല്ലാം കുറെയൊക്കെ തത്വത്തിലാണെങ്കിലും ഓര്‍ത്തഡോക്സ് സഭകള്‍ ചരിത്രത്തിലുടനീളം കാത്തുസൂക്ഷിച്ചു. കത്തോലിക്കാ സഭയില്‍ രണ്ടാം വത്തിക്കാന്‍ സുന്നഹദോസോടു കൂടി ക്രമമായിട്ടുള്ള മെത്രാന്‍ സിനഡ് എന്ന സംഗതി നടപ്പില്‍ വരുത്തി. ഇപ്പോള്‍ ഒരു പടി കൂടെ കടന്ന് ഫ്രാന്‍സിസ് പാപ്പാ ലക്ഷ്യമാക്കുന്നത്. സുന്നഹദോസികമായ കൂട്ടുചര്‍ച്ചകളും സമവായങ്ങളും സഭയുടെ താഴത്തെ തട്ടില്‍ തൊട്ടു തുടങ്ങണമെന്നാണ്. ഇതും ഓര്‍ത്തഡോക്സ് സഭകളില്‍ പുതിയ പ്രബോധനമല്ല. അത്മായ വിശ്വാസികളും വൈദിക-മെത്രാന്‍ ശ്രേണികളും ചേര്‍ന്ന സമവായത്തിലൂടെയാണ് സഭയ്ക്ക് ദിശാബോധവും ദൗത്യനിര്‍വഹണവും ഉണ്ടാകേണ്ടത് എന്നത് സുന്നഹദോസിന്‍റെ കാതലായ അര്‍ത്ഥതലമാണ്. അതുകൊണ്ടാണല്ലോ മെത്രാന്മാര്‍ മാത്രം കൂടുന്ന സമിതിക്ക്, ‘എപ്പിസ്കോപ്പല്‍” സുന്നഹദോസ് എന്നു വിശേഷിപ്പിച്ചു പറയുന്നത്. അത് പൂര്‍ണ്ണ സുന്നഹദോസിന്‍റെ ഒരു ഭാഗമേ ആകുന്നുള്ളു എന്ന ധ്വനി അതിലുണ്ടല്ലോ.
5. എപ്പിസ്കോപ്പാ എന്ന വാക്ക് ‘ഇടയന്‍’ എന്നു മലയാളത്തില്‍ മൊഴിമാറ്റുന്നതാണ് നല്ലത് എന്നു തോന്നുന്നു. സുറിയാനിക്കാര്‍ ആ ഗ്രീക്കു പദം – Episcopos – തര്‍ജ്ജമ ചെയ്തില്ല. മേല്‍നോട്ടക്കാരന്‍, സൂപ്രണ്ട്, കങ്കാണി, ബോസ്, ലീഡര്‍ എന്നൊക്കെ തര്‍ജ്ജമ ചെയ്താല്‍ അര്‍ത്ഥച്യുതി സംഭവിക്കും. യേശു ഏറ്റവും സന്തോഷത്തോടെ സ്വയം വിശേഷിപ്പിച്ചത് ‘നല്ല ഇടയന്‍’ എന്നാണല്ലോ. സ്ഥാപനവല്‍ക്കരിക്കപ്പെട്ട സഭയില്‍ അത് മുകളില്‍ നിന്ന് നിരീക്ഷിക്കുന്ന അധികാരിയുടെ അടയാളമായി വ്യാഖ്യാനിക്കപ്പെട്ടു. ലത്തീന്‍ പാരമ്പര്യത്തില്‍ ഫ്യൂഡല്‍ സമ്പ്രദായമനുസരിച്ച് മെത്രാന്‍റെ മോതിരം മുത്തുന്നത്, വിധേയത്വവും അനുസരണവും കാണിക്കാനാണല്ലോ. ആടുകളെ ജാഗ്രതയോടെ കരുതുകയും അവര്‍ക്കുവേണ്ടി ജീവനെ കൊടുക്കുകയും ചെയ്യുന്ന ഇടയന്‍റെ ചിത്രമല്ല, ഭരണാധികാരിയുടെ കര്‍ശനമായ മേല്‍നോട്ടമാണ് അവിടെ (ഓര്‍ത്തഡോക്സ് പാരമ്പര്യത്തില്‍, മെത്രാന്മാര്‍ക്ക് മോതിരമില്ല. അതുകൊണ്ട് പുറംകൈ കൊണ്ട് മുത്തിക്കാതെ ഉള്ളംകൈ കൊണ്ട് അനുഗ്രഹിക്കയാണല്ലോ വേണ്ടത്). മേല്‍നോട്ടം (Episcopi) എന്നാല്‍ ആടുകള്‍ ചിതറിപ്പോയി ചെന്നായ്ക്കള്‍ക്ക് ഇരയാകാതിരിക്കാനും, വല്ല പൊത്തിലും വീണ് കാലൊടിഞ്ഞ കുഞ്ഞാടുകള്‍ ഉണ്ടോ എന്നറിയാനും, ഉണ്ടെങ്കില്‍ അതിനെ തോളിലേറ്റാനും, എവിടെയാണ് ആടുകള്‍ക്ക് പുല്ല്, വെള്ളം എന്നൊക്കെ തിരയാനുമാണ്. ഇതാണ് ഇടയന്‍റെ ഭരണവും ആഭരണവും. അല്‍പ്പം ദ്രാവിഡ ശൈലിയില്‍ പറഞ്ഞാല്‍ എപ്പിസ്കോപ്പാ എന്ന വാക്ക് കരുതലാള്‍ (Carer) എന്നു തര്‍ജ്ജമ ചെയ്യാമെന്ന് തോന്നുന്നു.
ഒരു വിധത്തില്‍ ഇടയന്‍ “തൃണമൂല്‍” ആണ്. Grass roots. സാധാരണക്കാരുടെ വിശ്വാസത്തിന്‍റെ വേരില്‍ നിന്നാണ് ഇടയത്തം ഉരുത്തിരിയുന്നത്. അവരാണ് ഓക്സിയോസ് (= യോഗ്യന്‍) എന്നു ചൊല്ലുന്നത്. പട്ടംകൊട പൂര്‍ത്തിയാകണമെങ്കില്‍ വിശ്വാസികളായ ജനങ്ങളുടെ ഓക്സിയോസ് വിളി അവശ്യം ആവശ്യമാണ്. ഇപ്പോള്‍ അതു വെറും ആചാരമാണെങ്കിലും ഗ്രീക്ക് സഭയിലും മറ്റും മെത്രാന്മാര്‍ക്ക് മാത്രമല്ല, വൈദികര്‍ക്കും ശെമ്മാശന്മാര്‍ക്കുമൊക്കെ പട്ടംകൊട വേളയില്‍ ‘ഓക്സിയോസ്’ (Axios) ചൊല്ലണം. അങ്ങനെ ജനങ്ങളുടെ അംഗീകാരത്തോടെ പട്ടമേറ്റയാള്‍ തെറ്റായ സ്വന്തം പ്രവൃത്തികള്‍ മൂലം ജനങ്ങള്‍ക്ക് അനര്‍ഹനായിത്തീര്‍ന്നാല്‍, അനാക്സിയോസ് (അയോഗ്യന്‍) എന്നു വിളിച്ചു പുറത്താക്കാനും ദൈവജനത്തിന് അധികാരമുണ്ട്. വിശ്വാസികളായ ദൈവജനത്തിന്‍റെ മധ്യത്തിലും അവരോടു ചേര്‍ന്നും മാത്രമേ “പട്ട”ത്തിന് സാംഗത്യമുള്ളു എന്നാണല്ലോ ഇത് കാണിക്കുന്നത്.
6. ഓര്‍ത്തഡോക്സ് സഭാവിജ്ഞാനീയത്തില്‍ പൂര്‍ണ്ണമായും പരിഹരിക്കാന്‍ കഴിയാത്ത ഒരു സമസ്യയാണ് തദ്ദേശീയ സഭ (Local Church) എന്ന ആശയം. പുതിയനിയമകാലത്ത് പന്ത്രണ്ട് അപ്പോസ്തലന്മാര്‍ പൗലോസ് ശ്ലീഹാ എന്നിവരുടെ മിഷണറി പ്രവര്‍ത്തനം മൂലം സംജാതമായ തദ്ദേശീയ സഭകള്‍ നല്ല മാതൃകയായിരുന്നു. ഓരോ സഭയും അതാതിന്‍റെ പൂര്‍ണ്ണ സ്വാതന്ത്ര്യത്തിലും അതേസമയം പരസ്പരം ക്രിസ്തുവിലുള്ള ഏക വിശ്വാസത്തിലും വിശുദ്ധ കുര്‍ബാനയിലും സ്നേഹത്തിന്‍റെ ഏക ആത്മാവിലുള്ള സഹകരണത്തിലും സംസര്‍ഗ്ഗം നിലനിര്‍ത്തി.
ആധുനിക കാലത്ത് ദേശരാഷ്ട്രം (Nation State) എന്ന ആശയം വന്നപ്പോഴും ഇത് കുറെ സാധ്യമായിരുന്നു. ഓര്‍ത്തഡോക്സ് സഭകള്‍ പൊതുവെ ഈ ദേശരാഷ്ട്രങ്ങളുടെ അടിസ്ഥാനത്തില്‍ തദ്ദേശീയത നിര്‍വ്വചിച്ചിരുന്നു. മിക്കവാറും ഒരേ ഭാഷ, ഒരേ സംസ്കാരം, ഒരേ വംശം എന്നിവയൊക്കെ ദേശരാഷ്ട്രത്തില്‍ അടിസ്ഥാനമായതുപോലെ ചില സഭകളും കരുതി. എന്നാല്‍ ഇത് ഒരു പരിധിക്ക് അപ്പുറത്തേയ്ക്ക് കൊണ്ടുപോകാന്‍ പാടില്ല. കാരണം, ഭാഷ, വംശം, ജാതി എന്നിവയ്ക്ക് അതീതമാണ് സഭയും അതിന്‍റെ വിശുദ്ധ കുര്‍ബാനയും. എന്നാല്‍ ഇപ്പോള്‍ പുതിയ സാങ്കേതിക-ഡിജിറ്റല്‍ സംസ്കാരത്തില്‍ രാഷ്ട്രങ്ങളുടെ അതിരുകള്‍ക്ക് അതീതമായ ആശയവിനിമയം, ഗതാഗതം എന്നിവ ഉരുത്തിരിഞ്ഞു. പരമാധികാര രാഷ്ട്രം എന്ന സങ്കല്‍പ്പം തന്നെ ചോദ്യം ചെയ്യപ്പെട്ടു തുടങ്ങി. ബോധപൂര്‍വ്വമുള്ള കുടിയേറ്റം, യുദ്ധം, പ്രകൃതിക്ഷോഭം, രാഷ്ട്രീയ പീഡന സാഹചര്യങ്ങള്‍ എന്നിവയാലുള്ള അഭയാര്‍ത്ഥി പ്രവാഹം തുടങ്ങിയവ മൂലം ഓരോ പ്രാദേശിക സഭയും സാര്‍വ്വദേശീയമായി കഴിഞ്ഞു. അപ്പോള്‍ എങ്ങനെയാണ് അതു നിര്‍വചിക്കുക? അമേരിക്ക പോലുള്ള രാജ്യങ്ങളില്‍ ലോകത്തിലെ എല്ലാ ഓര്‍ത്തഡോക്സ് സഭകള്‍ക്കും പള്ളികളും വിശ്വാസികളുമുണ്ട്. അവരൊക്കെ ഇംഗ്ലീഷ് മാതൃഭാഷയായും സാംസ്കാരികമായി അമേരിക്കന്‍ശൈലിയും പിന്തുടരുന്നു. എന്നാല്‍ ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ വിവിധ ഭാഷകളും സാംസ്കാരിക ധാരകളും ഭക്ഷണക്രമങ്ങളും വേഷങ്ങളും ആചാരങ്ങളും നിലനിന്നിരുന്നു. എങ്കിലും ഇന്ത്യയെയും ദേശരാഷ്ട്രങ്ങളുടെ വകുപ്പിലാണ് പെടുത്തിയിരിക്കുന്നത്.
റോമന്‍ കത്തോലിക്കാ സഭ ഈ പ്രശ്നം പരിഹരിച്ചത് പാപ്പായുടെ ഏകഛത്രാധിപത്യത്തിന്‍കീഴില്‍ സാര്‍വ്വത്രികസഭ (Ecclesia universalis) പ്രാദേശിക സഭ (Ecclesia localis) എന്ന രീതിയില്‍ സഭയെ വേര്‍തിരിച്ചുകൊണ്ടാണ്. കത്തോലിക്കാ വീക്ഷണത്തില്‍ പരമ്പരാഗതമായ പ്രാദേശികസഭ, സാര്‍വ്വത്രിക സഭയുടെ ഒരു ബ്രാഞ്ച് പോലെയാണ്. അതിനു സ്വന്തമായി മെത്രാന്മാരെ തിരഞ്ഞെടുക്കാനോ സുന്നഹദോസ് നടത്താനോ സാധ്യമല്ല. നേരിട്ടു മാര്‍പാപ്പായുടെ ഭരണത്തിന്‍ കീഴിലാണു ഓരോ പ്രാദേശിക ബിഷപ്പും. എന്നാല്‍ ഇപ്പോള്‍ പൗരസ്ത്യ കത്തോലിക്കാ റീത്തുകള്‍ അവരുടെ തദ്ദേശീയവും പൗരസ്ത്യവുമായ സ്വത്വം ഊന്നിപറഞ്ഞുകൊണ്ട് പുതിയൊരു വ്യവസ്ഥയ്ക്ക് ആവശ്യപ്പെട്ടതുകൊണ്ട്, സീറോ-മലബാര്‍ സഭയുള്‍പ്പെട്ട പൗരസ്ത്യ റീത്തുസഭകള്‍ ‘വ്യക്തിസഭ’യായി സ്വയംഭരണശേഷി (Sui Juris) കൈവരിച്ച്, സ്വന്തം സുന്നഹദോസും ഭാഗികമായി മെത്രാന്‍ തിരഞ്ഞെടുപ്പും മറ്റും നടത്തുകയും ചെയ്യുന്ന രീതി വന്നു. പക്ഷേ റോമിന്‍റെ അധികാരശേഷി നിലനിര്‍ത്തുന്നു. മാര്‍പാപ്പായുടെ കല്‍പ്പന അനുസരിക്കാന്‍ വിസമ്മതിക്കുന്ന രീതി അടുത്തകാലത്ത് സീറോ മലബാര്‍ സഭയിലുണ്ടായി കുര്‍ബാനയര്‍പ്പണത്തിന്‍റെ ദിശ സംബന്ധിച്ച്. ഈ പ്രവണത കൂടുതല്‍ ശക്തമായി വരുമ്പോള്‍ വൈവിധ്യത്തെക്കാള്‍ ഏകത്വത്തിന് പ്രാധാന്യം കൊടുത്തിരുന്ന റോമന്‍ കത്തോലിക്കാ സഭയുടെ പരമ്പരാഗത സഭാവിജ്ഞാനീയം തിരുത്തേണ്ടി വരും. ഇപ്പോള്‍ തന്നെ കത്തോലിക്കാ സഭ സ്വയം കമ്യൂണിയന്‍ ഓഫ് കമ്യൂണിയന്‍സ് (Communion of Communions) എന്നു വിശേഷിപ്പിച്ചു തുടങ്ങിയിട്ടുണ്ട്.
അപ്പോള്‍ പുതിയ ഡിജിറ്റല്‍ യുഗത്തില്‍ രാഷ്ട്രത്തിന്‍റെ പരമാധികാരം, സഭകളുടെ ഭൂമിശാസ്ത്രപരമായ തദ്ദേശീയ സ്വത്വം എന്നിവയൊക്കെ പുനര്‍വിചിന്തനത്തില്‍ കാരണമായേക്കാം. എങ്കിലും ഭാഷ, സംസ്കാരം, പൈതൃകം തുടങ്ങിയ കാര്യങ്ങളില്‍ പുതിയ സ്വത്വബോധം ലോകത്ത് പലയിടങ്ങളിലും ഉയര്‍ന്നു വരുന്നുണ്ട്. തന്മൂലം പ്രാദേശികസഭ എന്ന ആശയം അപ്രത്യക്ഷമാകാനിടയില്ല. കത്തോലിക്കാ പാരമ്പര്യത്തില്‍ പറയുന്ന ആകമാനസഭ (Universal Church) എന്നതും, വിശ്വാസപ്രമാണത്തില്‍ നാം ഏറ്റുപറയുന്ന കാതോലിക സഭ (Church Catholic -Katholiki Ecclesia) യും രണ്ടും രണ്ടാണ്. കാതോലിക സഭയില്‍ ഭൂമിശാസ്ത്രപരമായ വ്യാപ്തി നിര്‍ബന്ധമല്ല. Catholic (kata + holos) എന്നാല്‍ സമ്പൂര്‍ണ്ണമായതിനെ സംബന്ധിച്ചത്, സകലത്തെയും ഉള്‍ക്കൊള്ളുന്നത് എന്ന് അര്‍ത്ഥം പറയാം. അത് ഗുണപരമായ (qualitative) നിര്‍വ്വചനമാണ്. അവിടെ ജനസംഖ്യ, വിസ്തൃതി, സ്ഥാപനശേഷി തുടങ്ങിയ qualitative വശങ്ങള്‍ പരിഗണിക്കപ്പെടുന്നില്ല. “ചെറിയ ആട്ടിന്‍കൂട്ട’മെന്ന് യേശു വിളിച്ച കൂട്ടായ്മയും കാതോലികമായിരുന്നു. വേദപുസ്തകപരമായും ഓര്‍ത്തഡോക്സ് സഭാശാസ്ത്രമനുസരിച്ചും ഒരു സഭയ്ക്കും ‘ആകമാനസഭ’ എന്ന വിശേഷണം എടുക്കാനാവില്ല. എല്ലാ സഭകളും സ്വാഭാവികമായും തദ്ദേശീയമാണ്. അവയെയെല്ലാം തമ്മില്‍ ഏകവിശ്വാസത്തിലും വി. കുര്‍ബാനയിലും സ്നേഹത്തിന്‍റെ സഹകരണത്തിലും ക്രിസ്തുവിന്‍റെ ശരീരമായ ഏകസഭയായിത്തീരുന്നു.
7. മലങ്കര-അന്ത്യോഖ്യാ ബന്ധത്തിന്‍റെ ചരിത്രപരമായ നാള്‍വഴികള്‍, കാനോനികവും ഓര്‍ത്തഡോക്സ് സഭാശാസ്ത്രപരവുമായ അതിന്‍റെ പരിണാമം, മലങ്കരസഭയുടെ തനിമയും സ്വാതന്ത്ര്യവും നിയോഗവും പൂര്‍ണ്ണമായി ഉള്‍ക്കൊണ്ട ഭാവി സഭാ ദര്‍ശനം എന്നീ സംഗതികളില്‍ മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്താ സന്തുലിതവും അനുരഞ്ജനാഭിമുഖവുമായ നിലപാട് എടുക്കുന്നു. അന്ധമായ “കക്ഷി”ത്വത്തിനു വഴങ്ങി പല നേതാക്കളും അണികളും നടത്തുന്ന പ്രസ്താവനകളും പ്രവൃത്തികളും ജനമനസ്സുകളില്‍ കൂടുതല്‍ കൂടുതല്‍ വിഷം കലര്‍ത്തുമ്പോള്‍, സുമനസ്സുകള്‍ അന്വേഷിക്കുന്നത് നിയമാധിഷ്ഠിതവും നീതിപൂര്‍വ്വകവുമായ പ്രശ്നപരിഹാരവും സമ്യക്കായ യോജിപ്പുമാണ്. സമീപകാഴ്ചയും ദൂരെക്കാഴ്ചയും ഒരുപോലെയുണ്ടെങ്കില്‍ മാത്രമേ മനുഷ്യര്‍ക്ക് ശരിയായ നടപ്പാതയും ലക്ഷ്യസ്ഥാനവും തെളിഞ്ഞു വരുകയുള്ളു.
ചിത്രകാരന്‍ കാന്‍വാസില്‍ ഒരു പ്രകൃതിദൃശ്യം വരയ്ക്കുന്നുവെന്ന് സങ്കല്‍പ്പിക്കുക. അയാള്‍ ആദ്യം ചെയ്യുന്നത് കാന്‍വാസില്‍ ചക്രവാളരേഖയും ആ രേഖയില്‍ അസ്തമയബിന്ദുവും (vanishing point) അടയാളപ്പെടുത്തുകയാണ്. കാന്‍വാസിനടുത്തു നിന്നാണ് അയാള്‍ ചിത്രം വരയ്ക്കുന്നത്. എന്നാല്‍ കൂടെക്കൂടെ ദൂരെ മാറി നിന്നും അത് വീക്ഷിക്കും. കാരണം തൊട്ടടുത്തു കാണുന്ന കാഴ്ച, ദൂരെ നിന്നു നോക്കുമ്പോള്‍ അമ്പേ വ്യത്യാസപ്പെടാം. പടം പൂര്‍ത്തിയാക്കി, കാഴ്ചക്കാര്‍ കാണാന്‍ വരുമ്പോള്‍, അവര്‍ നോക്കുന്നത് അല്‍പ്പം അകലെ നിന്നാണ്. അതുകൊണ്ട് ചിത്രകാരന്‍ അന്തിമമായി അകലെക്കാഴ്ചയുടെ കോണില്‍ നിന്നാണ് പ്രകൃതി ദൃശ്യത്തിന്‍റെ ചിത്രം പൂര്‍ത്തിയാക്കുന്നത്. ഇത് സഭയുടെ യുഗാന്ത്യദര്‍ശനത്തിന്‍റെ ഉപമയായി നമുക്ക് എടുക്കാം.
Eschatology എന്ന പേരില്‍ തിയോളജിയുടെ അനുബന്ധമായി പഠിപ്പിക്കുന്ന സൃഷ്ടിയുടെ ‘യുഗാന്ത്യ ദര്‍ശനം’ വാസ്തവത്തില്‍ കേന്ദ്രപ്രാധാന്യം അര്‍ഹിക്കുന്നു. സംഘര്‍ഷാത്മകമായ ചുറ്റുപാടുകള്‍ക്കിടയില്‍ കഴിയുമ്പോള്‍ നമ്മെ ശ്വാസം മുട്ടിക്കുകയും നമ്മുടെ ചിന്തകളെ വിഭ്രമിപ്പിക്കുകയും തീവ്രവികാരകലുഷമായ പ്രതികരണങ്ങളിലേക്ക് എടുത്തുചാടാന്‍ നമ്മെ നിര്‍ബന്ധിക്കയും ചെയ്യുന്ന ഘടകങ്ങളുണ്ട്. എന്നാല്‍ അവയില്‍നിന്ന് സ്ഥലകാലങ്ങളില്‍ നാം അകലുന്തോറും അവയുടെ അര്‍ത്ഥവും അര്‍ത്ഥരാഹിത്യവും നമുക്കു ബോധ്യപ്പെടും. വിഷലിപ്തമായ കക്ഷിവിരോധത്തിന്‍റെയും വ്യവഹാരങ്ങളുടെയും കാലത്ത് എല്ലാവരെയും ഒരുപോലെ കരുതി ഉത്തമമായ ഇടയശുശ്രൂഷ നടത്തുകയും, ജീവിതാന്ത്യകാലത്ത് സമാധാനത്തിന്‍റെ തുറമുഖം കാണുകയും ചെയ്ത പരിശുദ്ധനായ “പാമ്പാടി തിരുമേനി”യെപ്പോലുള്ളവര്‍ സ്വജീവിതംകൊണ്ട് സഭയുടെ യുഗാന്ത്യദര്‍ശനം എന്താണെന്ന് നമുക്ക് വെളിപ്പെടുത്തി തന്നിട്ടുണ്ട്.
ഗ്രന്ഥകാരന്‍ തന്‍റെ ശുഭാപ്തി വിശ്വാസവും പ്രത്യാശയും സ്നേഹപൂര്‍വ്വം, വ്യക്തമായി പ്രകാശിപ്പിക്കുന്നു. വിശ്വാസവും പ്രത്യാശയും സ്നേഹവുമില്ലാതെ ആര്‍ക്കും ക്രിസ്ത്യാനിയായിരിക്കാന്‍ സാധ്യമല്ലല്ലോ. “മനുഷ്യര്‍ക്ക് അസാധ്യമായത് ദൈവത്തിന് സാധ്യമാണ്” (ലൂക്കോസ് 18:27) എന്ന ക്രിസ്തുവചനവും നമുക്കുണ്ട്. “നേരം വെളുക്കുകയും നിങ്ങളുടെ ഹൃദയങ്ങളില്‍ ഉദയനക്ഷത്രം ഉദിക്കയും ചെയ്വോളം ഇരുണ്ട സ്ഥലത്തു പ്രകാശിക്കുന്ന വിളക്കുപോലെ” (2 പത്രോസ് 1:19) നമ്മുടെ കര്‍ത്താവും രക്ഷിതാവുമായ യേശുമിശിഹായുടെ വചനങ്ങള്‍ നമുക്കു കാത്തു സൂക്ഷിക്കാം.
ഈ പുസ്തകം സര്‍ഗ്ഗാത്മകമായ സംവാദങ്ങള്‍ക്കും തെളിഞ്ഞ സൗഹൃദങ്ങള്‍ക്കും ക്രിസ്തുവിനൊപ്പമുള്ള സഹയാത്രയ്ക്കും നമ്മെ പ്രേരിപ്പിക്കട്ടെ.
ജൂലൈ 3, 2023
മാര്‍ത്തോമ്മാശ്ലീഹായുടെ ദുക്റൊനോ പെരുന്നാള്‍