മൂന്ന് കല്‍പവൃക്ഷങ്ങള്‍ക്കിടയില്‍ ഒരു ശാന്തിസ്ഥാനം

tomb-02

‘അതിരാവിലെ ഇരുട്ടുള്ളപ്പോള്‍ തന്നെ’ നമ്മുടെയെല്ലാം പ്രിയങ്കരനായ ജ്യേഷ്ഠ സഹോദരന്‍ ഉമ്മന്‍ ചാണ്ടിയുടെ കല്ലറ കാണാനായി ഞാന്‍ പുറപ്പെട്ടു. എനിക്കു മുമ്പുതന്നെ ഏതാനും സാധാരണക്കാരായ സ്ത്രീകള്‍ അവിടെ എത്തിയിരുന്നു. പൂക്കളും സാമ്പ്രാണിത്തിരികളും മെഴുകുതിരികളും ഒക്കെ അവര്‍ കരുതിയിരുന്നു. ചുറ്റുപാടുകളില്‍ പൂക്കളുടെയും കുന്തിരിക്കത്തിന്‍റെയും സുഗന്ധം. അര്‍ദ്ധരാത്രിയില്‍ സംസ്കാരശുശ്രൂഷ കഴിഞ്ഞിട്ട് മണിക്കൂറുകള്‍ ആയതേയുള്ളു. പ്രഭാതം നിശ്ശബ്ദമായി പൊട്ടിവിരിയുമ്പോഴേക്കും, സുഗന്ധവായു ശ്വസിച്ചുകൊണ്ട്, ഒന്‍പത് വിശുദ്ധന്മാരുടെ പുരാതന ദേവാലയാങ്കണത്തിലേക്ക് കടന്നുചെന്നപ്പോള്‍ എനിക്ക് കൂടുതല്‍ ആഴത്തില്‍ അനുഭവപ്പെട്ടത് മറ്റൊരു പരിമളമായിരുന്നു. സല്‍പ്രവൃത്തികളുടെയും മനുഷ്യസ്നേഹം നിറഞ്ഞ വാക്കുകളുടെയും പരിമളം.

OommenChandy-11

പ്രസിദ്ധമായ പുതുപ്പള്ളി സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് ഇടവക അതിന്‍റെ വിശ്വസ്ത പുത്രനായ ഉമ്മന്‍ ചാണ്ടിയുടെ അന്ത്യവിശ്രമത്തിന് ആദരപൂര്‍വ്വം സ്ഥലമൊരുക്കിയത് അന്തരിച്ച ആചാര്യന്മാര്‍ക്കൊപ്പമായിരുന്നു. അത് സമുചിതമായി. ഇടവകയ്ക്കും അത് ബഹുമതിയായി. ഇന്നു രാവിലെ അവിടെ ചെന്നപ്പോള്‍ എന്‍റെ ശ്രദ്ധയെ ആകര്‍ഷിച്ച ഒരു കാര്യം മൂന്ന് തെങ്ങുകളാണ്. ഫലസമൃദ്ധമായ മൂന്നു നാളികേരവൃക്ഷങ്ങള്‍ മൂന്ന് ബിന്ദുക്കളായി നിന്ന് നടുവില്‍ ഒരു കല്‍പ്പിത ത്രികോണം സൃഷ്ടിച്ചിരിക്കുന്നു. ആ ത്രികോണസ്ഥലിക്കുള്ളിലാണ് ഉമ്മന്‍ ചാണ്ടിയുടെ ശാന്തിനിദ്ര (ചിത്രം ശ്രദ്ധിക്കുക).
ഇതാണ് വലിയ ബഹുമതിയെന്ന് എനിക്കു തോന്നി. ആരും മുന്‍കൂട്ടി ഗണിച്ചതല്ലല്ലോ അത്. ബൈബിള്‍ പശ്ചാത്തലത്തില്‍ നീതിമാനായ വ്യക്തിയുടെ പ്രതീകമാണ് ഈന്തപ്പന. “നീതിമാന്‍ പനപോലെ തഴയ്ക്കും” എന്ന് സങ്കീര്‍ത്തനം (92:18). ഈ വരികള്‍ ചുരുങ്ങിയത് ദിനംപ്രതി മൂന്നു തവണയെങ്കിലും ഓര്‍ത്തഡോക്സ് സഭയുടെ യാമപ്രാര്‍ത്ഥനകളില്‍ ആലപിക്കുന്നുണ്ട്. പള്ളികളില്‍ ദിവസവും ധൂപാര്‍പ്പണത്തോടെയാണ് ഈ ആലാപനം. അവിടെ കുന്തിരിക്കത്തിന്‍റെ സുഗന്ധം നീതിമാന്‍റെ നന്മയുടെ പരിമളമായി പ്രസരിക്കുന്നു എന്ന് സൂചന.

ബൈബിളില്‍ പറയുന്ന ഈന്തപ്പനയ്ക്കു സമാനമായി നമ്മുടെ കേരളത്തില്‍ കാണുന്നത് കേരവൃക്ഷമാണ്. അതിനെ നമ്മള്‍ കല്‍പവൃക്ഷം അതായത് ദിവ്യവൃക്ഷം എന്നു വിളിക്കുന്നു. കേരമില്ലാതെ കേരളമില്ല. കേരവൃക്ഷത്തിന്‍റെ ഓരോ ഭാഗവും മനുഷ്യന് പ്രയോജനപ്രദമാണല്ലോ. അതുകൊണ്ടാണ് അതു കല്‍പവൃക്ഷം എന്നു വിശേഷിപ്പിക്കപ്പെട്ടത്. ഉമ്മന്‍ ചാണ്ടി എന്ന മനുഷ്യന്‍ അങ്ങിനെ തന്നെ ആയിരുന്നു. നീതിബോധത്തിന്‍റെയും മനസ്സലിവിന്‍റെയും കായ്ഫലമുള്ള കേരവൃക്ഷം. പാവങ്ങള്‍ക്കും ഗതിയറ്റവര്‍ക്കും എന്നും തുറന്നു കിടക്കുന്ന അഭയസ്ഥാനം. ഒരു രാഷ്ട്രീയ നേതാവ്, മുഖ്യമന്ത്രി എന്നീ നിലകളില്‍ അദ്ദേഹത്തിന്‍റെ നയങ്ങളിലും നിലപാടുകളിലും ചിലപ്പോള്‍ തീരുമാന സന്നിഗ്ദ്ധതകള്‍ ഉണ്ടായിക്കാണാം. അത് മനുഷ്യസാധാരണമാണ്. എങ്കിലും പൊതുജനം മറ്റാരേയുംകാള്‍ അദ്ദേഹത്തെ സ്നേഹിച്ചിരുന്നു, വിശ്വസിച്ചിരുന്നു. കാരണം, അദ്ദേഹത്തിന്‍റെ നടപടികള്‍ പൂര്‍ണ്ണബോധ്യത്തോടും ആത്മാര്‍ത്ഥതയോടും മനുഷ്യസ്നേഹത്തോടും കൂടിയായിരുന്നു.

സമാനതകളില്ലാത്ത സ്നേഹത്തിന്‍റെ നിറവായിരുന്നു മുപ്പതിലേറെ മണിക്കൂര്‍ നീണ്ടുനിന്ന വിലാപയാത്രയില്‍ വിവിധ തരക്കാരായ കേരളജനത ഈ തനികേരളീയന് നല്‍കിയ യാത്രാവന്ദനം. നേരുംനെറിയുമുള്ള, പൊറുക്കലും മറക്കലുമുള്ള പ്രതിബദ്ധരായ നേതാക്കളെയാണ് രാഷ്ട്രീയത്തിലും മതത്തിലും സമൂഹത്തിന്‍റെ എല്ലാ തുറകളിലും ജനങ്ങള്‍ പ്രതീക്ഷിക്കുന്നതും സ്വപ്നം കാണുന്നതും എന്ന സന്ദേശം കൂടിയായിരുന്നു ഈ ജനമഹാസാഗരം. കുലീന ലാളിത്യത്തിന്‍റെ നിറവായിരുന്ന ഈ പൊതുജനസേവകന്‍ അനുവര്‍ത്തിച്ച മാനുഷിക മൂല്യങ്ങള്‍ പിന്തുടരുവാന്‍ ഒരു പൗരസമൂഹം എന്ന നിലയില്‍ നമുക്കു കഴിഞ്ഞാല്‍ കേരളം ദൈവത്തിന്‍റെ സ്വന്തം നാടാകും എന്നു പ്രത്യാശിക്കാം.

(കെ. എം. ജി., 21 ജൂലൈ, 2023, ദേവലോകം, കോട്ടയം)