സര്‍വ്വസ്വതന്ത്രമായ സര്‍റിയലിസം | ഫാ. ഡോ. കെ. എം. ജോര്‍ജ്

ലാവണ്യദര്‍ശനം – 39

മോഡേണ്‍ ആര്‍ട്ടിലെ പ്രധാന പ്രസ്ഥാനമാണ് സര്‍റിയലിസം. സര്‍റിയലിസം (Surrealism) ഫ്രഞ്ച് പദമാണ്. Sur (സ്യുര്‍) എന്ന ഉപസര്‍ഗ്ഗത്തിനര്‍ത്ഥം ഉപരി, അതീതം എന്നൊക്കെയാണ്. സര്‍റിയലിസം എന്നാല്‍ റിയലിസത്തിന് അഥവാ യഥാതഥവാദത്തിന് അതീതമായത് എന്ന് ആക്ഷരികമായി അര്‍ത്ഥം കൊടുക്കാം.

ഫ്രഞ്ച് കവിയായിരുന്ന ഗിയോം അപ്പോലിനേര്‍ (Apollinaire) ആണ് 1917-ല്‍ സര്‍റിയലിസം എന്ന പദം സൃഷ്ടിച്ചത്. 1920-കളില്‍ ആരംഭിച്ച് 1960-കള്‍ വരെയും പാശ്ചാത്യ കലാലോകത്ത് നിര്‍ണ്ണായകമായ സ്വാധീനം ചെലുത്തി. സര്‍റിയലിസത്തിന്‍റെ സ്ഥാപക വക്താവായി കരുതപ്പെടുന്നത് ആന്ദ്രേ ബ്രെത്തോങ് (Andre Breton 1896-1966) എന്ന ഫ്രഞ്ചുകാരനാണ്. കവിയും ചിന്തകനും സാഹിത്യവിമര്‍ശകനുമായിരുന്ന ബ്രെത്തോങ് തയ്യാറാക്കിയ ‘സര്‍റിയലിസ്റ്റ് മാനിഫെസ്റ്റോ’ എന്ന പ്രബന്ധം 1924-ല്‍ പ്രസിദ്ധീകരിച്ചു. അബോധ മനസ്സിന്‍റെ ഭ്രാന്തമായ സങ്കല്‍പ്പങ്ങളും വിചിത്ര രൂപങ്ങളും യുക്തിഭംഗങ്ങളും ആവിഷ്ക്കരിക്കുന്ന സര്‍റിയലിസ്റ്റ് ശൈലിയുടെ ലക്ഷ്യത്തെ ആന്ദ്രേ ബ്രെത്തോങ് വ്യാഖ്യാനിക്കുന്നത് മനോവിശകലനത്തിന്‍റെ ഭാഷയിലാണ്. “സ്വപ്നവും യാഥാര്‍ത്ഥ്യവും തമ്മില്‍ മുമ്പുണ്ടായിരുന്ന വൈരുദ്ധ്യാവസ്ഥകളെ ഒരു കേവല യാഥാര്‍ത്ഥ്യത്തില്‍, അതായത്, സൂപ്പര്‍ റിയാലിറ്റി അല്ലെങ്കില്‍ സര്‍ റിയാലിറ്റിയില്‍ അനുരഞ്ജിപ്പിക്കുക” എന്നതാണ് സര്‍റിയലിസ്റ്റ് ശൈലിയുടെ ഉദ്ദേശ്യം.

ദാദായിസം

സര്‍റിയലിസത്തിന് മുന്നോടിയായി വന്ന ‘ദാദായിസം’ എന്ന പ്രസ്ഥാനത്തെക്കുറിച്ചും ഒരു വാക്കു പറയേണ്ടതുണ്ട്. 1916-ല്‍ സ്വിറ്റ്സര്‍ലണ്ടിലെ സൂറിഖില്‍ ആരംഭിച്ച ദൃശ്യകലാ-സാഹിത്യ പ്രസ്ഥാനമാണ് ദാദായിസം (Dadaism). ഒന്നാം ലോകയുദ്ധത്തിന്‍റെ ക്രൂരതകളും ദുരന്തവും കണ്ട് യുദ്ധവിരോധികളായിത്തീര്‍ന്ന കുറെ ചിത്രകാരന്മാരാണ് നേതൃത്വം കൊടുത്തത്. അന്ന് യൂറോപ്യന്‍കലയില്‍ നിലനിന്നിരുന്ന മാനദണ്ഡങ്ങളെ അവര്‍ പുച്ഛിക്കയും തിരസ്കരിക്കയും ചെയ്തു. യൂറോപ്പില്‍ ഉരുത്തിരിഞ്ഞ യാന്ത്രിക-വ്യാവസായിക സംസ്കാരത്തിന്‍റെ അതിരു കടന്ന ആത്മവിശ്വാസവും അധീശത്വബോധവുമാണ് യുദ്ധവും ദുരന്തവും സൃഷ്ടിക്കുന്നത് എന്നായിരുന്നു ദാദായിസ്റ്റുകളുടെ ബോധ്യം. അതുകൊണ്ട് കലയില്‍ വ്യവസ്ഥാപിതത്വത്തിന്‍റെ അളവുകോലുകള്‍ നിരാകരിച്ചു. യുദ്ധത്തിന്‍റെ യുക്തിയും അവര്‍ നിഷേധിച്ചു. അസംബന്ധ ചിത്രങ്ങളും പ്രകോപനപരമായ രചനകളും നടത്തി. ഒരു നല്ല ഉദാഹരണമാണ് മര്‍സേല്‍ ദ്യുഷാമിന്‍റെ (Marcel Duchamp) മോണലിസ. ലിയനാര്‍ദോ ദാവിഞ്ചിയുടെ (1452-1519) പ്രഹേളികയായി വാഴ്ത്തപ്പെട്ട പ്രശസ്ത ചിത്രമായ ‘മോണലിസ’യ്ക്കു കൊമ്പന്‍മീശ വരച്ചു ചേര്‍ത്തതിലൂടെ ഉപരിവര്‍ഗ്ഗത്തിന്‍റെ സൗന്ദര്യ-സദാചാര സങ്കല്പങ്ങളെയെല്ലാം പരിഹാസ്യമാക്കി. ദാദായിസം ഫ്രാന്‍സിലും, ജര്‍മ്മനിയിലും, റുമേനിയയിലും, അമേരിക്കയിലുമൊക്കെ പ്രചരിച്ചെങ്കിലും, അത് വ്യവസ്ഥാപിത സമൂഹത്തോടുള്ള കടുത്ത പ്രതിഷേധമായി മാറിയിരുന്നതുകൊണ്ട്, അധികനാള്‍ നിലനിന്നില്ല. സര്‍റിയലിസം, പോസ്റ്റ് മോഡേണിസം തുടങ്ങിയ പില്‍ക്കാല പ്രസ്ഥാനങ്ങള്‍ക്ക് വഴിയൊരുക്കുന്നതില്‍ ദാദായിസത്തിന് വലിയ പങ്കുണ്ട്.

ബൂര്‍ഷ്വാ ആധുനികത

ആധുനികം എന്നു വിശേഷിപ്പിക്കപ്പെടുന്ന ചിന്താതരംഗം കലയിലും സാഹിത്യത്തിലും വാസ്തുശില്പത്തിലുമെല്ലാം 18-ാം നൂറ്റാണ്ടിന്‍റെ മധ്യഘട്ടം മുതല്‍ പാശ്ചാത്യലോകത്ത് നിലനിന്നിരുന്നു. അതുവരെ യൂറോപ്പില്‍ നിലനിന്നിരുന്ന കലാസമ്പ്രദായത്തോടും കലയിലെ ജന്മിത്വാവകാശങ്ങളോടും അതിന്‍റെ യുക്തിയോടും കഠിനമായി കലഹിച്ചുകൊണ്ടാണ് കലയിലെ ആധുനികത ഉദ്ഭവിച്ചത്. യൂറോപ്പില്‍ ഇടപ്രഭുക്കന്മാരും വര്‍ത്തകപ്രമാണിമാരും ഉന്നതകുലജാതരും ക്രിസ്തീയ മതനേതാക്കളും മറ്റും തങ്ങള്‍ക്ക് അനുകൂലമായി നിലനിര്‍ത്തിയിരുന്ന സാമൂഹ്യ-സാമ്പത്തിക-മതവ്യവസ്ഥയാണ് ‘ബൂര്‍ഷ്വാ’ എന്ന പേരില്‍ അറിയപ്പെട്ടത് (ബൂര്‍ഷ്വാ – Bourgeois – എന്ന ഫ്രഞ്ച് വാക്കിന് ആക്ഷരിക അര്‍ത്ഥം ‘നഗരവാസി’). കലയെയും സാഹിത്യത്തെയും ‘നഗരവാസികളായ മേലാളന്മാരു’ടെ വ്യവസ്ഥിതിക്ക് അടിമവേല ചെയ്യാന്‍ വേണ്ടിയാണ് ഒട്ടൊക്കെ അവര്‍ പരിപോഷിപ്പിച്ചത്. പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ പകുതിയോടുകൂടി തിരിച്ചടികള്‍ ഉണ്ടായിത്തുടങ്ങിയെങ്കിലും ഇരുപതാം നൂറ്റാണ്ടിന്‍റെ ആരംഭത്തിലാണ് സംഘടിതമായ കലാ-സാഹിത്യ പ്രസ്ഥാനങ്ങള്‍ പുതിയൊരു സാമൂഹിക യാഥാര്‍ത്ഥ്യ ദര്‍ശനത്തിനു രൂപംകൊടുക്കുന്നത്. ഇവിടെ നാം ചിത്രകലയിലെ കാര്യം മാത്രമേ സൂചിപ്പിക്കുന്നുള്ളു.

മൂന്നു കാര്യങ്ങള്‍ ബൂര്‍ഷ്വാ വ്യവസ്ഥിതിയുടെ അടയാളമായി എടുത്തു പറയേണ്ടതുണ്ട്.

യുക്തിചിന്ത (rationality), സൗന്ദര്യസങ്കല്പം (aesthetics), സദാചാരവ്യവസ്ഥ (morality). ഇവ മൂന്നിനെയുമാണ് ആധുനിക കല തിരസ്കരിച്ചത്. മസ്തിഷ്കയുക്തിയുടെ നിയന്ത്രണത്തിനും സൗന്ദര്യശാസ്ത്രപരമോ സദാചാരപരമോ ഏതെങ്കിലും പരിമിതികള്‍ക്കും വിധേയമാകാതെ സ്വതന്ത്രവും നിസര്‍ഗ്ഗവുമായ ആവിഷ്കാരമാണ് സര്‍റിയലിസത്തില്‍ നാം കാണുന്നത്. സൈക്കിക് ഓട്ടോമേഷന്‍ (psychic automation) എന്ന് ആന്ദ്രേ ബ്രെത്തോങ് വിളിച്ച ഈ പ്രവണതയ്ക്ക് ഫ്രോയിഡിന്‍റെ സൈക്കോ അനാലിസിസുമായി ബന്ധമുണ്ട്.

ഫ്രോയിഡും സര്‍റിയലിസവും

സിഗ്മണ്‍ഡ് ഫ്രോയിഡിന്‍റെ മനോവിശ്ലേഷണ പഠനങ്ങള്‍ യൂറോപ്പില്‍ വ്യാപകമായി അറിയപ്പെട്ട കാലത്താണ് സര്‍റിയലിസ്റ്റ് പ്രസ്ഥാനം അവിടെ ഉരുത്തിരിയുന്നത്. മനുഷ്യമനസ്സിന്‍റെ ബോധമണ്ഡലത്തിനടിയില്‍ വര്‍ത്തിക്കുന്ന ഉപബോധ-അബോധ മേഖലകളെക്കുറിച്ച് ഫ്രോയിഡ് ഉന്നയിച്ച ആശയങ്ങള്‍ സര്‍റിയലിസ്റ്റ് ചിന്തയ്ക്ക് പ്രചോദനം നല്‍കി. ‘സ്വപ്നങ്ങളുടെ വ്യാഖ്യാനം’ ഫ്രോയിഡിയന്‍ സിദ്ധാന്തത്തിന്‍റെ ആണിക്കല്ലായിരുന്നല്ലോ. ആന്ദ്രേ ബ്രെത്തോങ്ങിനെയും കൂട്ടുകാരെയും അതു സ്വാധീനിച്ചു. മനസ്സിന്‍റെ ആഴങ്ങളില്‍ അടിച്ചമര്‍ത്തപ്പെടുകയും, വിവിധ രൂപങ്ങളില്‍ സ്വപ്നങ്ങളിലും ബോധത്തിലും അവതരിക്കയും ചെയ്യുന്ന കാമനകളും ലൈംഗികതയും ഭ്രാന്തസങ്കല്പങ്ങളും എല്ലാം എങ്ങനെ മനോരോഗ ലക്ഷണങ്ങളായി പ്രത്യക്ഷപ്പെടുന്നു, എങ്ങനെ അവയെ തിരിച്ചറിയാം, ആ തിരിച്ചറിവിലൂടെ എങ്ങനെ രോഗശമനം ഉണ്ടാക്കാം എന്നൊക്കെയായിരുന്നല്ലോ ഫ്രോയിഡിന്‍റെ അന്വേഷണം.

നമ്മുടെ ബോധപൂര്‍വ്വമായ മനോഭാവത്തെയും പ്രവര്‍ത്തനശൈലിയെയും നാമറിയാത്തവിധത്തില്‍ നമ്മുടെ അബോധ മനസ്സ് അതിശക്തമായി നിയന്ത്രിക്കയും രൂപപ്പെടുത്തുകയും ചെയ്യുന്നു എന്നത് ഫ്രോയിഡിന് ബോധ്യമായിരുന്നു.

സര്‍റിയലിസത്തിന്‍റെ സ്ഥാപകനും പ്രവാചകനുമായിരുന്ന ആന്ദ്രേ ബ്രെത്തോങ് മെഡിക്കല്‍ ഡോക്ടറായും മനോരോഗ ചികിത്സകനായും പരിശീലനം നേടിയ ആളായിരുന്നു. ഒന്നാം ലോകയുദ്ധത്തില്‍ പരുക്കേറ്റ പടയാളികളെ ചികിത്സിക്കയും ചെയ്തിട്ടുണ്ട്. ഫ്രോയിഡിന്‍റെ മനോവിശ്ലേഷണ സങ്കേതം (psychoanalysis) ആണ് അദ്ദേഹം ഉപയോഗിച്ചിരുന്നത്.

സര്‍റിയലിസ്റ്റ് പ്രസ്ഥാനത്തില്‍ ഫ്രോയിഡിന്‍റെ ചിന്തകള്‍ അടിസ്ഥാനമായിരുന്നെങ്കിലും രോഗചികിത്സ എന്ന ലക്ഷ്യം അതിനില്ലായിരുന്നു. സ്വപ്നലോകത്തിലെന്നപോലെ യാതൊരുതരത്തിലുള്ള പരമ്പരാഗത സൗന്ദര്യസങ്കല്പങ്ങളോ സദാചാര താത്പര്യങ്ങളോ ഇല്ലാതെ കയറൂരിവിട്ട ചിന്തകളും ഫാന്‍റസിയും നിരങ്കുശമായ സഹജവാസനകളും ബോധധാരകളും ചിത്രകലയിലും കവിതയിലും മറ്റു കലാസാഹിത്യ രൂപങ്ങളിലും എങ്ങനെ ആവിഷ്ക്കരിക്കാം എന്നതായിരുന്നു സര്‍റിയലിസ്റ്റുകളുടെ അന്വേഷണം. സര്‍ഗ്ഗാത്മകതയും മനുഷ്യമനസ്സിന്‍റെ അബോധമണ്ഡലവും തമ്മിലുള്ള ബന്ധമാണ് അവരെ ആകര്‍ഷിച്ചത്. സര്‍ഗ്ഗവൃത്തിയെ സംബന്ധിച്ച് പറയുമ്പോള്‍, ഒരു മഹാ രത്നഖനിയാണ് അബോധമനസ്സ്. “ഫ്രീ അസോസ്യേഷന്‍” എന്ന മനോവിശ്ലേഷണ സങ്കേതം മറ്റൊരു വിധത്തില്‍ സര്‍റിയലിസ്റ്റ് ചിത്രകാരന്മാരും എഴുത്തുകാരും സ്വീകരിച്ചു. ‘സൈക്കിക് ഓട്ടോമാറ്റിസം’ എന്നാണ് ആന്ദ്രേ ബ്രെത്തോങ് തന്‍റെ ഉപന്യാസത്തില്‍ സര്‍റിയലിസ്റ്റ് ശൈലിയെ വിശേഷിപ്പിച്ചത്. ബോധമണ്ഡലത്തിന്‍റെ യുക്തിയോ മേലാളവര്‍ഗ്ഗത്തിന്‍റെ മാന്യതാ സങ്കല്പമോ സദാചാരവ്യവസ്ഥകളോ സൗന്ദര്യമാതൃകകളോ ഒന്നും ബാധിക്കാതെ, സ്വതന്ത്രവും അനര്‍ഗ്ഗളവുമായ സര്‍ഗ്ഗാവിഷ്കാരമാണ് സൈക്കിക് ഓട്ടോമാറ്റിസം. സാഹിത്യത്തില്‍ അത് ബോധധാര (stream of consciousness) സമ്പ്രദായമായി അറിയപ്പെട്ടു. ചിത്രകലയില്‍ തമ്മില്‍ ഒട്ടുമേ ചേരാത്ത പ്രതിബിംബങ്ങളും പശ്ചാത്തലങ്ങളും ഒരുമിച്ച് കൊണ്ടുവന്നു (juxtaposition). ഭ്രാന്തമെന്ന് യാഥാസ്ഥിതികന്മാര്‍ വിശേഷിപ്പിച്ചേക്കാവുന്ന ഒരു യാഥാര്‍ത്ഥ്യ ദര്‍ശനം സാധ്യമാക്കുക എന്ന ലക്ഷ്യം ഇവിടെയുണ്ട്. അതിലൂടെ നിലവിലുള്ള എല്ലാ സൗന്ദര്യസങ്കല്പങ്ങളെയും പൊളിച്ചെഴുതുക ഇതായിരുന്നു സര്‍റിയലിസ്റ്റ് ലക്ഷ്യം. വളരെ ലളിതവല്‍ക്കരിച്ചു പറഞ്ഞാല്‍, സൈക്കിക് ഓട്ടോമാറ്റിസം എന്നാല്‍ പേന കടലാസ്സില്‍ തൊട്ടുകഴിഞ്ഞാല്‍ അത് എഴുതിക്കൊണ്ടേയിരിക്കും. കടലാസ്സില്‍ പെന്‍സില്‍ മുട്ടിച്ചാല്‍ അതു വരച്ചുകൊണ്ടേയിരിക്കും. കാന്‍വാസ്സില്‍ ചായം മുക്കിയ ബ്രഷ് തൊട്ടാല്‍ ‘ചിത്രം’ ഉരുത്തിരിഞ്ഞു തുടങ്ങും. ഇതൊരു അതിശയോക്തിയാണ്. കാരണം ചിത്രകലയുടെ സാങ്കേതികത നന്നായി പഠിക്കയും യഥാതഥരൂപങ്ങള്‍ അതിസൂക്ഷ്മമായി ആവിഷ്കരിക്കാന്‍ വൈദഗ്ദ്ധ്യം നേടുകയും ചെയ്തവരായിരുന്നു മിക്ക സര്‍റിയലിസ്റ്റ് ചിത്രകാരന്മാരും.

ആന്ദ്രേ ബ്രെത്തോങ് വിയന്നായില്‍ പോയി ഫ്രോയിഡിനെ കാണുകയും ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു. ഫ്രോയിഡിന്‍റെ പിന്തുണ സര്‍റിയലിസ്റ്റ് പ്രസ്ഥാനത്തിന് അഭ്യര്‍ത്ഥിക്കയും ചെയ്തു. എന്നാല്‍ തണുപ്പന്‍ മനോഭാവമായിരുന്നു ഫ്രോയിഡിന്. പിന്നീട് ലണ്ടനില്‍ വച്ച് പ്രസ്ഥാനത്തിന്‍റെ പ്രമുഖ വക്താക്കളില്‍ ഒരാളായിരുന്ന സാല്‍വദോര്‍ ദാലിയുടെ ചിത്രങ്ങള്‍ കാണുകയും തല്‍ഫലമായി അല്പം കൂടി ഉത്സാഹത്തോടെ ഇതേക്കുറിച്ച് സംസാരിക്കയും ചെയ്തിട്ടുണ്ട്. പക്ഷേ, ഫ്രോയിഡ് ഒരിക്കലും പ്രസ്ഥാനത്തിന് പരസ്യമായി പിന്തുണ നല്‍കിയില്ല. അബോധമണ്ഡലത്തിലെ ചോദനകളാണ് തങ്ങളുടെ കൃതികളില്‍ എന്ന സര്‍റിയലിസ്റ്റ് അവകാശവാദത്തെ അദ്ദേഹം അംഗീകരിച്ചില്ല. അവര്‍ അബോധമെന്നു പറയുന്നത് ബോധത്തിന്‍റെ യുക്തി തന്നെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. 1966-ല്‍ ബ്രെത്തോങ്ങിന്‍റെ മരണത്തോടു കൂടി ഒരു പ്രസ്ഥാനമെന്ന നിലയില്‍ സര്‍റിയലിസം അവസാനിച്ചു. പക്ഷേ, അത് നിലവിലിരുന്ന സൗന്ദര്യസങ്കല്പങ്ങള്‍ക്കും ലോക ദര്‍ശനത്തിനും നല്‍കിയ തിരിച്ചടികളും ഉള്‍ക്കാഴ്ചകളും പലതരത്തില്‍ കലയിലും സാഹിത്യത്തിലും നിലനിന്നു.

ഒരു കലാ-സാംസ്കാരിക വിപ്ലവ പ്രസ്ഥാനം എന്ന നിലയില്‍ സര്‍റിയലിസം വിവിധ സാഹിത്യ ശാഖകളെയും ചിത്രകലയെയും രംഗകലകളെയും സ്വാധീനിച്ചു. സാല്‍വദോര്‍ ദാലി (Dali), മാക്സ് എര്‍ണസ്റ്റ് (Ernst), ജോണ്‍ മിറോ (Miro), റെനേ മാഗ്രറ്റ് (Magritte), യീവ് താംഗ്വി (Tanguy) തുടങ്ങി ചിത്രകലയില്‍ പ്രശസ്തമായ പേരുകളോടൊപ്പം കവിതയിലും നാടകത്തിലും സിനിമയിലും ശില്‍പ്പവിദ്യയിലുമെല്ലാം സര്‍റിയലിസ്റ്റിക് നിലപാടെടുത്ത കലാകാരന്മാരുടെ നീണ്ട നിരയുണ്ട്. സ്പാനീഷ് ചിത്രകാരനായ ദാലിയുടെ ‘ഉരുകി ഒലിക്കുന്ന ക്ലോക്കുകള്‍’ എന്ന ചിത്ര പരമ്പരയുണ്ട്. കാലത്തിന്‍റെ ഒഴുക്കും മനുഷ്യന്‍റെ ഓര്‍മ്മയും തമ്മിലുള്ള ദാര്‍ശനിക ചിന്തകള്‍ അവയ്ക്കു പുറകിലുണ്ട്. 1931-ല്‍ വരച്ച The Persistence of Memory പ്രത്യേകം ശ്രദ്ധേയമാണ്.

ഭൗതികലോകത്തെ മാത്രം ഏക യാഥാര്‍ത്ഥ്യമായി കരുതുന്ന ശാസ്ത്രീയവും പ്രത്യയശാസ്ത്രപരവുമായ വീക്ഷണം അതിശക്തമായി പാശ്ചാത്യ മനസ്സിനെ കീഴടക്കിയ കാലഘട്ടത്തിലാണ് യുക്തിയുടെ ഭദ്രതയെ തകര്‍ത്ത്, ഇക്കാണുന്ന ലോകത്തിന്‍റെ സംഘാടകയുക്തിക്ക് അതീതമായ സൗന്ദര്യദര്‍ശനം അന്വേഷിക്കുന്ന സര്‍റിയലിസം ഉയര്‍ന്നു വന്നത്. ഈ അര്‍ത്ഥത്തില്‍ അതിന് ആദ്ധ്യാത്മികമാനമുണ്ട്. ഒരു പ്രസ്ഥാനം എന്ന നിലയില്‍ അത് കഴിഞ്ഞു പോയെങ്കിലും സര്‍റിയലിസത്തിന്‍റെ ഉള്‍ക്കാഴ്ചകളും ദാര്‍ശനിക പരിപ്രേക്ഷ്യങ്ങളും എല്ലാക്കാലത്തും എല്ലാ നല്ല കലാരൂപങ്ങളെയും പ്രചോദിപ്പിച്ചുകൊണ്ടിരിക്കും.

(1970-കളില്‍ പാരീസ് നഗരത്തിലെ ഗാലറികളിലും മോഡേണ്‍ ആര്‍ട്ട് മ്യൂസിയത്തിലും സര്‍റിയലിസ്റ്റ് രീതി പരിചയപ്പെട്ട നാളുകള്‍ മുതല്‍ ഈ ലേഖകനെ പ്രത്യേകം ആകര്‍ഷിച്ചത് റെനേ മാഗ്രിറ്റിന്‍റെ ചിത്രങ്ങളാണ്. The Large Family എന്ന ചിത്രം അതീന്ദ്രിയമാനങ്ങളിലേയ്ക്ക് നമ്മെ നയിക്കുന്നു. മാഗ്രിറ്റിനെക്കുറിച്ചും സര്‍റിയലിസത്തെക്കുറിച്ചും കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി മുമ്പെഴുതിയ ഒരു ലേഖനം സൂചിപ്പിക്കട്ടെ: “റെനേ മാഗ്രിറ്റ്; സര്‍റിയലിസത്തിന്‍റെ സര്‍ഗ്ഗ സമസ്യകള്‍”, ആധുനിക വിചാരശില്‍പ്പികള്‍ – പ്രഭാഷണങ്ങള്‍, ഡി.സി. ബുക്സ്, 2016, 165-175).