ന്യൂറോ സയന്‍സും സൗന്ദര്യാനുഭൂതിയും | ഫാ. ഡോ. കെ. എം. ജോര്‍ജ്

ലാവണ്യ ദര്‍ശനം-41

മനുഷ്യന്‍റെ സൗന്ദര്യാനുഭൂതി (Aesthetic experience) വളരെ ആത്മനിഷ്ഠമാണ് (subjective) എന്ന് എല്ലാവര്‍ക്കും അറിയാം. സൗന്ദര്യശാസ്ത്രം നേരിടുന്ന ഒരു വലിയ വെല്ലുവിളി ഇതാണ്. അതായത്, ഒരാള്‍ക്ക് സുന്ദരമെന്നു തോന്നുന്നത് വേറൊരാള്‍ക്ക് അസുന്ദരമോ വികൃതമോ ആയി തോന്നാം. അപ്പോള്‍ അതൊരു തോന്നലാണ്. ഓരോ വ്യക്തിയിലും സംസ്കാരത്തിലും ഈ തോന്നലുകള്‍ മാറിമാറി വരാം. അതുകൊണ്ട് എന്താണ് സുന്ദരം എന്ന് ഒന്നിനെക്കുറിച്ചും ആര്‍ക്കും പ്രാമാണികമായി വിധി എഴുതുവാന്‍ ആവില്ല. സാഹിത്യമാണെങ്കിലും നാട്യകലകളാണെങ്കിലും ചിത്രമെഴുത്തോ ശില്പവിദ്യയോ ആണെങ്കിലും നമ്മുടെ സൗന്ദര്യാസ്വാദനത്തിന് ശാസ്ത്രീയമായ വസ്തുനിഷ്ഠത (scientific objectivity) ഇല്ല എന്നാണല്ലോ നമ്മുടെ പൊതുധാരണ. അതേസമയം തന്നെ ചില പ്രത്യേക രൂപരേഖകളും വര്‍ണ്ണസങ്കരങ്ങളും താളക്രമങ്ങളും സൃഷ്ടിക്കുന്ന പാറ്റേണുകള്‍ സുന്ദരമാണ് എന്ന് മനുഷ്യര്‍ പൊതുവെ സമ്മതിക്കാറുണ്ട്. എങ്കിലും സൂക്ഷ്മവിശകലനത്തില്‍ ആ സാമൂഹ്യ സമ്മതവും അത്ര വസ്തുനിഷ്ഠമാണ് എന്ന് പറയുവാന്‍ കഴിയുകയില്ല. എല്ലാവരും നല്ലതാണെന്ന് പറയുന്നത് ഞാനും നല്ലതായി അംഗീകരിക്കുന്നു എന്നു മാത്രമേ പറയാനാവൂ.
ആധുനിക ജീവശാസ്ത്രത്തിലും പാശ്ചാത്യ വൈദ്യശാസ്ത്രത്തിലും മനുഷ്യന്‍റെ തലച്ചോറിന്‍റെ വിവിധ ധര്‍മ്മങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ ബാല്യദശയിലാണെങ്കിലും മനുഷ്യരുടെ സൗന്ദര്യാനുഭൂതിക്ക് ശാസ്ത്രീയമായ അടിത്തറ ഉണ്ടോ എന്ന ചോദ്യം ന്യൂറോ സയന്‍സ് ഉയര്‍ത്തി തുടങ്ങിയിട്ടുണ്ട്. ധാരാളം ഗവേഷണ പഠനങ്ങള്‍ ആ വഴിക്ക് ഇപ്പോള്‍ നടക്കുന്നുണ്ട്. ന്യൂറോ സയന്‍സും സൗന്ദര്യശാസ്ത്രവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അന്വേഷിക്കുന്ന നവീന വിജ്ഞാനശാഖയാണ് Neuro Aesthetics. അതായത്, വളരെ ആത്മനിഷ്ഠമെന്നു വിശേഷിപ്പിക്കുന്ന നമ്മുടെ സൗന്ദര്യാനുഭൂതിക്ക് എന്തെങ്കിലും വസ്തുനിഷ്ഠമായ അടിസ്ഥാനം മനുഷ്യമസ്തിഷ്ക്കത്തില്‍ നിന്നു ലഭിക്കുമോ എന്നതാണ് ചോദ്യം.

എന്നാല്‍ മസ്തിഷ്ക്കത്തെക്കുറിച്ച് തന്നെയുള്ള പഠനങ്ങള്‍ ഇപ്പോഴും ആരംഭദശയില്‍ ആണ്. മനുഷ്യ മസ്തിഷ്ക്കത്തിന്‍റെ സ്വഭാവം, ഘടന, ധര്‍മ്മങ്ങള്‍ എന്നിവയെക്കുറിച്ചുള്ള പഠനമാണല്ലോ പൊതുവായി പറഞ്ഞാല്‍ ന്യൂറോ സയന്‍സ്. അതില്‍ത്തന്നെ ഉപവിഭാഗങ്ങളായി നിരവധി പഠന ശാഖകള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. അതുകൊണ്ട് Neuro Sciences എന്ന ബഹുവചനവുമുണ്ട്. ആധുനിക വൈദ്യശാസ്ത്രത്തിലും താരതമ്യേന പുതിയ പഠനങ്ങളാണ് മസ്തിഷ്ക്കശാസ്ത്രത്തില്‍ നാം കാണുന്നത്. മനുഷ്യന്‍റെ എല്ലാ ഇന്ദ്രിയഗ്രഹണവും വൈകാരികതലങ്ങളും ഇച്ഛാശേഷിയും ബോധപൂര്‍വ്വമായ തീരുമാനങ്ങളും എല്ലാംതന്നെ മനുഷ്യന്‍റെ തലച്ചോറുമായി ഇഴചേര്‍ന്നു കിടക്കുന്നു. നാം ആരാണ് എന്നുള്ള സ്വബോധവും ഈ ലോകം എന്താണ് എന്നുള്ള ബോധവും അന്വേഷണവും എല്ലാംതന്നെ മനുഷ്യന്‍റെ തലച്ചോറും അതിനോടു ബന്ധപ്പെട്ട സിരാപടലങ്ങളിലും നാഡീവ്യവസ്ഥയിലും വേരൂന്നിയിരിക്കുന്നു. ഒരു മനുഷ്യന്‍റെ മസ്തിഷ്ക്കത്തില്‍ ഏതാണ്ട് 86 മുതല്‍ 100 ബില്യണിലധികം ന്യൂറോണ്‍കോശങ്ങള്‍ ഉണ്ടെന്നാണ് കണക്ക്. ഈ കോശങ്ങളെയെല്ലാം തമ്മില്‍ ബന്ധിപ്പിച്ച് വിവര വിനിമയം നടത്തുന്ന മൂന്ന് ട്രില്യനിലധികം സിനാപ്സിസുകള്‍ (Synapses) ഉണ്ട്. അതെല്ലാം വച്ചുനോക്കുമ്പോള്‍ പ്രപഞ്ചത്തിലെ ഏറ്റം സങ്കീര്‍ണ്ണമായ ഒരു കഷണം വസ്തുവാണ് (matter) വളരെ പതുപതുത്ത മൃദുലമായ, ചാരനിറത്തിലുള്ള നമ്മുടെ തലച്ചോര്‍.

പുതിയ സാങ്കേതികവിദ്യയില്‍ തലച്ചോറിന്‍റെ പ്രവര്‍ത്തനങ്ങളെ തുടര്‍ച്ചയായി നിരീക്ഷിക്കുവാന്‍ കഴിയുന്ന സ്കാനിംഗ് സംവിധാനങ്ങള്‍ പലതുണ്ട്. ഉദാഹരണമായി fMRI അഥവാ Functional Magnetic Resonance Imaging എന്ന സങ്കേതം ഉപയോഗിച്ചാല്‍ നാം ഓരോ കാര്യത്തിലും ഇടപെടുമ്പോള്‍ അതിനനുസരിച്ചുള്ള പ്രതിസ്പന്ദനം തലച്ചോറിന്‍റെ പ്രത്യേക ഭാഗങ്ങളിലുള്ള ന്യൂറോണ്‍ കോശങ്ങളില്‍ ഉണ്ടാവുന്നത് തിരിച്ചറിയാം.

പല നിറത്തിലുള്ള പതിനായിരം ബള്‍ബുകള്‍ പിടിപ്പിച്ചിരിക്കുന്ന ഒരു ഹോള്‍ സങ്കല്‍പ്പിക്കുക. ഓരോ ബള്‍ബിനും പ്രത്യേകം സ്വിച്ച് ഉണ്ട്. ഏതാണോ നാം ഓണാക്കുന്നത് അതിനോടു ബന്ധപ്പെട്ട ബള്‍ബ് കത്തും എന്നു പറഞ്ഞതുപോലെ അതിസങ്കീര്‍ണ്ണമായ നമ്മുടെ തലച്ചോറില്‍ ഉണ്ടാവുന്ന എല്ലാ വികാരങ്ങളും ചിന്തകളും ഓരോരോ സ്ഥലത്തുള്ള ന്യൂറോണ്‍ കൂട്ടങ്ങള്‍ പ്രതിഫലിപ്പിക്കും. നാം നാടകമോ സിനിമയോ കാണുമ്പോള്‍ പൊട്ടിച്ചിരിക്കുകയോ കരയുകയോ അദ്ഭുതപ്പെടുകയോ വെറുപ്പു കാണിക്കയോ ഒക്കെ ചെയ്താല്‍ തത്തുല്യമായ പ്രതികരണങ്ങള്‍ തലച്ചോറില്‍ ഉണ്ടാകുന്നത് നമുക്ക് പുറത്തെ യന്ത്രത്തില്‍ രേഖപ്പെടുത്താനും അതിന്‍റെ സാന്ദ്രത അളക്കാനും സാധിക്കും. ഇതാണല്ലോ ഇമേജിംഗ് ടെക്നോളജിയുടെ പ്രത്യേകത.

അപ്പോള്‍ ഏതെങ്കിലും ഒരു കലാരൂപം നാടകമോ കഥകളിയോ സംഗീതമോ ചിത്രമോ സുന്ദരമാണ് എന്ന് നമുക്ക് അനുഭവപ്പെട്ടാല്‍ നമുക്ക് സുഖാനുഭൂതിയും സന്തോഷവും നല്‍കുന്ന Dopamine പോലെയുള്ള ഹോര്‍മോണുകള്‍ സ്രവിപ്പിക്കാന്‍ ന്യൂറോണ്‍ കോശങ്ങള്‍ക്ക് കഴിയും. പലര്‍ക്കും ഈ സൗന്ദര്യ അനുഭൂതി മനഃശാന്തിക്കും വൈകാരികമായ സംതൃപ്തിക്കും ഇടയാക്കും. ഇതിന്‍റെ അര്‍ത്ഥം സൗന്ദര്യ അനുഭൂതി നമുക്ക് ശാസ്ത്രീയമായി അളക്കാന്‍ വയ്യാത്ത ഒരു അനുഭവമല്ല. മറിച്ച്, ന്യൂറോണ്‍ കോശങ്ങളുടെ പെരുമാറ്റരീതിയിലും അതേ തുടര്‍ന്നുണ്ടാകുന്ന ശരീര ധര്‍മ്മത്തിലും അഭികാമ്യമായ മാറ്റങ്ങള്‍ വരുത്താന്‍ അതിനു കഴിയുന്നതുകൊണ്ട് സൗന്ദര്യാനുഭൂതിക്ക് വസ്തുനിഷ്ഠമായ അടിത്തറയുണ്ട് എന്നാണ് Neuro Aesthetics പഠനങ്ങള്‍ നടത്തുന്നവര്‍ പറയുന്നത്.

ഈ ശാസ്ത്രശാഖയുടെ ഒരു നല്ല വശം അത് ചില രോഗങ്ങളുടെ ചികിത്സയ്ക്ക് ഉപയോഗിക്കുവാന്‍ സാധിക്കും എന്നുള്ളതാണ്. തലച്ചോറിനെ ബാധിക്കുന്ന പാര്‍ക്കിന്‍സണ്‍സ് പോലെയുള്ള രോഗങ്ങള്‍, കാഴ്ചയെ ബാധിക്കുന്ന ന്യൂറോ പ്രശ്നങ്ങള്‍ എന്നിവ മൂലം ബുദ്ധിമുട്ടുന്നവര്‍ക്ക് ചിത്രകലപോലെ ചില കലകളുടെ അഭ്യാസം അവരുടെ നാഡീവ്യൂഹത്തെ ഉത്തേജിപ്പിക്കുവാനും ഒരളവുവരെ അവര്‍ക്ക് സന്തോഷം നല്‍കുവാനും കഴിയുമെന്ന് പഠനങ്ങള്‍ കാണിക്കുന്നുണ്ട്. ആര്‍ട്ട് തെറാപ്പി എന്നറിയപ്പെടുന്ന കലാചികിത്സ ഉചിതമായി പ്രയോഗിച്ചാല്‍ വളരെയേറെ രോഗികള്‍ക്ക് അത് സംതൃപ്തി നല്‍കുമെന്നുള്ളത് വ്യക്തമാണ്. ഒരുപക്ഷേ സൗന്ദര്യാനുഭൂതിയും മസ്തിഷ്ക്ക ധര്‍മ്മവും തമ്മിലുള്ള ബന്ധം ഏറ്റവും പ്രയോജനകരമായി ഉപയോഗിക്കാവുന്നത് ചികിത്സാ രംഗത്തായിരിക്കാം.

പകുതി മലയാളിയായ വിളയനൂര്‍ എസ്. രാമചന്ദ്രന്‍ അമേരിക്കയില്‍ പ്രസിദ്ധനായ ന്യൂറോ സയന്‍റിസ്റ്റാണ്. അദ്ദേഹം ഒരു പ്രത്യേക കലാചികിത്സയെ സംബന്ധിച്ച് ധാരാളം എഴുതിയിട്ടുണ്ട്. ഒരു കാലത്ത് മെഡിക്കല്‍ സ്കൂളുകളില്‍ പഠിപ്പിച്ചുകൊണ്ടിരുന്നത് മനുഷ്യന്‍റെ തലച്ചോറിലെ ന്യൂറല്‍ സര്‍ക്യൂട്ടുകള്‍, ശൈശവത്തില്‍ ഉറച്ചു കഴിഞ്ഞാല്‍, പിന്നെ അവ മാറുകയില്ലെന്നാണ്. എന്നാല്‍ പ്രായമായാലും തലച്ചോറിനു പുതിയ സര്‍ക്യൂട്ടുകളും വിന്യസനക്രമങ്ങളും ഉണ്ടാക്കാനും പഴയതിനെ വ്യത്യാസപ്പെടുത്താനുമുള്ള പ്ലാസ്റ്റിസിറ്റി (plasticity) ഉണ്ടെന്നതാണ് മനുഷ്യമസ്തിഷ്ക്കത്തിന്‍റെ പ്രത്യേകത. പഠിച്ചതു മറക്കാനും വീണ്ടും പഠിക്കാനും അതിനു കഴിയും. ഇത് നമ്മുടെ വിദ്യാഭ്യാസ ചിന്തയില്‍ വലിയ മാറ്റം വരുത്താന്‍ സഹായിക്കുന്ന ഒന്നാണ്. ചിത്രരചനയും ശില്പനിര്‍മ്മാണവും പോലെയുള്ള സര്‍ഗ്ഗവൃത്തികള്‍ അത് ചെയ്യുന്നവര്‍ക്ക് നല്‍കുന്ന ശുദ്ധമായ ആനന്ദം എത്രമാത്രം സൗഖ്യദായകവും ശാന്തിപ്രദവുമാണ് എന്ന് എല്ലാ നല്ല കലാകാരര്‍ക്കും സാക്ഷ്യപ്പെടുത്തുവാന്‍ കഴിയും.

കലയും സാഹിത്യവും വളരെ വ്യക്തിഗതമാണെന്നും മൗലികപ്രതിഭയുള്ള വ്യക്തികളിലാണ് അവയുടെ വേരുകള്‍ എന്നും ഒക്കെ പലരും ധരിച്ചിരിക്കുന്നത് പൂര്‍ണ്ണമായും ശരിയല്ല എന്നാണ് അദ്ദേഹത്തിന്‍റെ അഭിപ്രായം. കാലദേശ സംസ്കാരങ്ങളുടെ സവിശേഷമായ മുദ്ര കലാസാഹിത്യാദികളിലുണ്ടെങ്കിലും മസ്തിഷ്ക്കത്തിലെ ന്യൂറോണ്‍ ബന്ധങ്ങളിലൂടെ, സാര്‍വ്വത്രികമായി നിലനില്‍ക്കുന്ന സൗന്ദര്യ മാനദണ്ഡങ്ങള്‍ കണ്ടെത്താമെന്നാണ് അദ്ദേഹത്തിന്‍റെ വാദം. നമ്മുടെ ജീവശാസ്ത്രം, പരിണാമസിദ്ധാന്തം, മനഃശാസ്ത്രം, ദര്‍ശനം എന്നിവയെല്ലാം ഏകോപിപ്പിക്കുന്ന തത്ത്വങ്ങളാണിവ എന്നാണ് ഡോ. രാമചന്ദ്രന്‍റെ നിലപാട്.

ഇതുതന്നെ മതവിശ്വാസത്തെക്കുറിച്ചും പറയാം. നമ്മുടെ ഭക്തിയും വിശ്വാസവും ആരാധനയുമെല്ലാം മസ്തിഷ്ക്ക കോശങ്ങളുടെ തലത്തില്‍ രേഖപ്പെടുത്താമെന്നു വരുമ്പോള്‍, അതിന്‍റെ വിവക്ഷകള്‍ പലതരത്തില്‍ വായിച്ചെടുക്കാം. ഇതാണ് Neuro Theology. മനുഷ്യരുടെ ഈശ്വരധ്യാനവും പ്രണയവും കലാസ്വാദനവും എല്ലാം തലച്ചോറിലെ കോശബാന്ധവങ്ങളിലും വിന്യസനങ്ങളിലും കൂടി വിശദീകരിക്കുമ്പോള്‍ ഇതൊക്കെ ഇത്രയുമേയുള്ളോ എന്ന് പലരും നിരാശയോടെ ചോദിച്ചേക്കുമെന്ന് രാമചന്ദ്രന്‍ കരുതുന്നു. എന്നാല്‍ അവയ്ക്കപ്പുറത്തുള്ള അര്‍ത്ഥത്തെക്കുറിച്ചും അദ്ദേഹം ബോധവാനാണ്.

വളരെ ആരംഭദശയില്‍ ഉള്ള ഈ പഠനങ്ങള്‍ മനുഷ്യര്‍ക്ക് പ്രയോജനകരമാണ് എങ്കിലും മനുഷ്യന്‍റെ സകല ഇന്ദ്രിയങ്ങളും മനസ്സും സമഞ്ജസമായി സൃഷ്ടിക്കുന്ന സൗന്ദര്യബോധത്തെ തലച്ചോറിന്‍റെയും നാഡീവ്യൂഹത്തിന്‍റെയും അനേക ധര്‍മ്മങ്ങളില്‍ ഒന്നായി ചുരുക്കുന്നത് ശരിയല്ല. അവിടെ കാഴ്ചപ്പാടിന്‍റെ ഒരു പ്രശ്നമുണ്ട്. ഏതെങ്കിലും ഒരു മേഖലയില്‍ മാത്രം പഠനം നടത്തുന്ന ചിലര്‍ക്കൊക്കെ അറിവിന്‍റെ സമഗ്രഭാവം (Holistic nature) ലഭിക്കാതെ പോയേക്കാം. ഈ സമഗ്രദര്‍ശനത്തിന്‍റെ കാഴ്ചപ്പാടില്‍ നിന്നു നോക്കുമ്പോള്‍ നമ്മുടെ ശാസ്ത്രത്തിന്‍റെ ചെസ് ബോര്‍ഡിലെ പല കരുക്കളും പുതിയ സ്ഥാനങ്ങളിലേക്ക് നീക്കേണ്ടി വരും. അതായത് ഒരു ശാസ്ത്രത്തിന് അതില്‍ത്തന്നെയുള്ള യുക്തിക്ക് പരിമിതികള്‍ ഉണ്ടാവാം. ഗണിതശാസ്ത്രത്തിനുമുണ്ട് ഈ പരിമിതി. മറ്റെല്ലാ വിജ്ഞാന മേഖലകളുമായി ബന്ധപ്പെടുമ്പോഴാണ് ആ പരിമിതി നമുക്ക് തിരിച്ചറിയാന്‍ കഴിയുന്നത്. ബഷീറിന്‍റെ ഭാഷയില്‍ പറഞ്ഞാല്‍, ഒരാള്‍ ഒരു “സ്ഥലത്തെ പ്രധാന ദിവ്യന്‍” ആയിരിക്കും. എന്നാല്‍ ആകമാന വീക്ഷണത്തില്‍ നോക്കുമ്പോള്‍ അയാളുടെ ദിവ്യത്വമോ വ്യക്തിത്വമോ അര്‍ത്ഥരഹിതമായി എന്നും വരാം.

ഈ ലേഖകന്‍റെ എളിയ അഭിപ്രായത്തില്‍ മനുഷ്യനും മനുഷ്യന്‍റെ ബോധവും ഉള്‍പ്പെട്ട ഒരു മഹാപ്രപഞ്ചത്തിന് അതിന്‍റെ സ്രഷ്ടാവ് ചില താളലയങ്ങള്‍ നല്‍കിയിട്ടുണ്ട്. അതനുസരിച്ചാണെങ്കില്‍ ഈ പ്രപഞ്ചത്തില്‍ ഒന്നും മറ്റൊന്നിനു വിരുദ്ധമാകുന്നില്ല. ആ ഏകീഭാവത്തിന്‍റെ താളക്രമം തിരിച്ചറിയാന്‍ മനുഷ്യബോധത്തിന് സ്വാതന്ത്ര്യവും കഴിവും നല്‍കിയിട്ടുണ്ട്. അത് തിരിച്ചറിയാതെയാണ് നാം വ്യാവഹാരികലോകത്തില്‍ വൈരുദ്ധ്യങ്ങളെക്കുറിച്ചും വൈകല്യങ്ങളെക്കുറിച്ചും നിരന്തരം പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത്. മനുഷ്യമനസ്സും ബോധവും തലച്ചോറിലെ ന്യൂറോണ്‍ കോശങ്ങളുടെ എണ്ണത്തിലും പരസ്പര ബന്ധങ്ങളിലും ഒതുങ്ങുന്നവയല്ല. മസ്തിഷ്ക്കവും മനസ്സും ഒന്നല്ല. മുകളില്‍ പറഞ്ഞ സമഗ്രതാളത്തിന്‍റെ ഒരു അടയാളം മാത്രമാണ് മനുഷ്യന്‍റെ മസ്തിഷ്ക്ക വ്യവസ്ഥയും നാഡീവ്യൂഹവും. സൗന്ദര്യം പരിസ്ഫുരിക്കുന്നത് ഈ ആകമാന താളക്രമത്തിലാണ്. അപ്പോള്‍ അത് തിരിച്ചറിയാനുള്ള ഒരു ലാവണ്യശീലം നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുക എന്നത് പ്രധാനപ്പെട്ട സംഗതിയാണ്. ന്യൂറോ സയന്‍റിസ്റ്റുകള്‍ പറയുന്നതനുസരിച്ച് നമുക്ക് അല്പം പരിശീലനം കിട്ടിയാല്‍ കലാസ്വാദനത്തിന് നമുക്ക് കൂടുതല്‍ കഴിവുണ്ടാകും എന്നതാണ്. ഒരു നല്ല ചിത്രമോ ശില്പമോ കുറെ സമയമെടുത്ത് ഒരാള്‍ ധ്യാനപൂര്‍വ്വം നിരീക്ഷിച്ചുകൊണ്ടിരുന്നാല്‍ അവിടെയും ആസ്വാദനത്തിന്‍റെ ശക്തി വര്‍ദ്ധിക്കുന്നുണ്ട്. ബ്രയിന്‍ ഇമേജിംഗിലൂടെ ഇത് വ്യക്തമാക്കാം എന്നാണ് Neuro Aesthetic ഗവേഷകര്‍ പറയുന്നത്. നമുക്കത് സാമാന്യജ്ഞാനത്തില്‍ തന്നെ അറിവുള്ള സംഗതിയാണ്. അതിനു ശാസ്ത്രീയമായ തെളിവ് അവര്‍ നല്‍കുന്നു എന്നു മാത്രം. കഥകളിയുടെ മുദ്രകളും കഥയും അറിയുന്നവര്‍ക്കേ അത് ആസ്വദിക്കാന്‍ കഴിയൂ. അപ്പോള്‍ ലാവണ്യ അനുഭവം മനുഷ്യന്‍റെ മറ്റ് ബൗദ്ധികവും സര്‍ഗ്ഗാത്മകവുമായ കഴിവുകള്‍പോലെ വളര്‍ത്തിയെടുക്കാവുന്ന ഒന്നാണ്. എല്ലാവരും കലാകാരന്മാരോ ശില്പികളോ ആയില്ലെങ്കിലും ആസ്വാദനത്തിന്‍റെ തലത്തില്‍ നിരന്തരമായ അഭ്യാസംകൊണ്ടും പരിചയംകൊണ്ടും ഉയര്‍ന്ന തലങ്ങളിലേക്ക് ഉയരാന്‍ കഴിയും. ഈ ഉയര്‍ച്ച അതിന്‍റെ ശരിയായ അര്‍ത്ഥത്തില്‍ കലാസൃഷ്ടിയുടെ ഭൗതികതലത്തില്‍ ഒതുങ്ങുന്നില്ല. പ്രപഞ്ചത്തിന്‍റെയും മനുഷ്യബോധത്തിന്‍റെയും സര്‍ഗ്ഗസൃഷ്ടിയുടെയും സമഗ്രസൗന്ദര്യത്തിന് ഉറവയും കാരണവുമായിരിക്കുന്ന സ്രഷ്ടാവിന്‍റെ സൗന്ദര്യത്തിലേക്കാണ് നാം ചെന്നെത്തുന്നത്. അങ്ങനെയാകുമ്പോള്‍ Neuro Aesthetic എന്ന വിജ്ഞാനശാഖയെ Neuro Theo Aesthetics എന്ന് വിശേഷിപ്പിക്കേണ്ടി വരും. ആ തലത്തില്‍ ആദ്ധ്യാത്മികാനുഭൂതിയും സൗന്ദര്യാനുഭൂതിയും ഒന്നായിത്തീരുന്നു.