ആര്‍ക്കിടെക്റ്റ് മരോട്ടിപ്പുഴ റ്റി. ഉമ്മന്‍ അനുസ്മരണം | ഫാ. കെ. എം. ജോര്‍ജ്

t-oommen-01

പ്രിയ സഹോദരങ്ങളെ,

നമ്മുടെ ഇടവകയ്ക്കും നാടിനും അഭിമാനമായ ആദരണീയനായ ആര്‍ക്കിടെക്റ്റ് ഉമ്മന്‍ സാറിനോട് നമുക്കെല്ലാം തീരാത്ത കടപ്പാടുണ്ട്. അതീവ സൗമ്യനും ഓര്‍ത്തഡോക്സ് സഭയുടെ വിശ്വസ്ത പുത്രനുമായിരുന്ന ഈ ശ്രേഷ്ഠ സഹോദരന് പ്രണാമം അര്‍പ്പിക്കുന്നതോടൊപ്പം അദ്ദേഹത്തിലൂടെ നമ്മുടെ നാടിനു ലഭിച്ച എല്ലാ സേവനങ്ങളെയും ഓര്‍ത്ത് ദൈവത്തെ മഹത്വപ്പെടുത്തുകയും ചെയ്യുന്നു.

കൂടാര നിര്‍മ്മാണത്തില്‍ വിദഗ്ദ്ധനായിരുന്ന പരിശുദ്ധ പൗലോസ് ശ്ലീഹാ കൊരിന്ത്യരോട് പറയുന്നു: “എനിക്കു ലഭിച്ച ദൈവകൃപയ്ക്ക് ഒത്തവണ്ണം ഞാന്‍ ജ്ഞാനമുള്ളൊരു പ്രധാന ശില്‍പ്പിയായി അടിസ്ഥാനം ഇട്ടിരിക്കുന്നു. യേശുക്രിസ്തു എന്ന ഇട്ടിരിക്കുന്ന അടിസ്ഥാനമല്ലാതെ മറ്റൊന്നു ഇടുവാന്‍ ആര്‍ക്കും കഴികയില്ല” (1 കൊരി. 3:10-11).

വാസ്തുശില്‍പ്പ വിദ്യയില്‍ ധാരാളം ബഹുമതികള്‍ക്ക് അര്‍ഹരായ ഉമ്മന്‍ സാര്‍ തന്‍റെ ശില്‍പ്പകലയെ പാരമ്പര്യത്തിന്‍റെയും പരിസ്ഥിതിയുടെയും സംരക്ഷണത്തിനായി വിനിയോഗിച്ചു. ഇത് ഒരു ദൈവനിയോഗമായി അദ്ദേഹം കരുതി. നമുക്ക് തൊട്ടടുത്ത വെള്ളൂര്‍ രാജീവ് ഗാന്ധി എഞ്ചിനീയറിംഗ് കോളജിന്‍റെ ആദ്യ സാരഥിയായി വന്നപ്പോള്‍, 150 ഏക്കറിലെ മരങ്ങള്‍ അനാവശ്യമായി കളയാതെയും, അവിടെ ഉപജീവനം നടത്തിയിരുന്ന തൊഴിലാളികളുടെ ജീവിതം മനുഷ്യസ്നേഹത്തോടെ കണക്കിലെടുത്തും ആ സ്ഥാപനം പടുത്തുയര്‍ത്തി.

പൗലോസ് അപ്പോസ്തലനെപ്പോലെ, താന്‍ പണിയുന്നതെല്ലാം യഥാര്‍ത്ഥമായ ദൈവികാടിസ്ഥാനത്തില്‍ പണിയണമെന്ന് അദ്ദേഹത്തിന് ബോധ്യമുണ്ടായിരുന്നു. അത് ദൈവാലയങ്ങളാണെങ്കിലും, സര്‍ക്കാര്‍ സ്ഥാപനങ്ങളാണെങ്കിലും ദിവ്യമായ ഉത്തരവാദിത്തബോധവും പ്രകൃതിസ്നേഹവും മനുഷ്യസ്നേഹവും സാങ്കേതിക ജ്ഞാനവും സമന്വയിപ്പിച്ചാണ് അദ്ദേഹം നിര്‍മ്മിതി നടത്തിയത്.

നമ്മുടെ ലോകത്തിന്‍റെ ഭാവിയെക്കുറിച്ചും മനുഷ്യസമൂഹത്തിന്‍റെ നിലനില്‍പ്പിനെക്കുറിച്ചും ആശങ്കയോടെ ചിന്തിക്കുന്നവര്‍ക്കെല്ലാം ഉമ്മന്‍ സാര്‍ സ്നേഹിതനും വഴികാട്ടിയുമായിരുന്നു. മനോഹരമായി നമ്മുടെ ലോകത്തെ ഡിസൈന്‍ ചെയ്ത് സൃഷ്ടിച്ച ദൈവം സ്നേഹത്തോടും കരുണയോടും കൂടിയാണ് അതെല്ലാം സൃഷ്ടിച്ചത് എന്ന് വേദപുസ്തകം പഠിപ്പിക്കുന്നു. ഇത് എല്ലാ നല്ല വാസ്തുശില്‍പ്പികളുടെയും അന്തിമ മാതൃകയാണ്. തനിക്കു ലഭിച്ച സാങ്കേതികജ്ഞാനത്തെയും മനുഷ്യസ്നേഹത്തെയും ഏറ്റവും നന്നായി ഉപയോഗിച്ച ആര്‍ക്കിടെക്റ്റ് ഉമ്മന്‍ സാറും ദൈവരാജ്യത്തിന്‍റെ കെട്ടുപണിക്കാരനായി തീര്‍ന്നിരിക്കുന്നു. അദ്ദേഹത്തെക്കുറിച്ചുള്ള നല്ല ഓര്‍മ്മകള്‍ നമുക്ക് എന്നും പ്രചോദനകരമാണ്. ഈ പ്രിയ ജ്യേഷ്ഠസഹോദരന്‍റെ വേര്‍പാടില്‍ ദുഃഖിക്കുന്ന കുടുംബാംഗങ്ങള്‍ക്കും സ്നേഹിതര്‍ക്കും ഉയിര്‍ത്തെഴുന്നേറ്റവനായ കര്‍ത്താവായ യേശുക്രിസ്തു തന്നെ ആശ്വാസദായകനായിത്തീരട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.

പുറകുളത്ത്, ദേവലോകം, 22-11-2023