സോപാന അക്കാഡമി, ഗ്രാഫേ എന്നിവയുടെ ആഭിമുഖ്യത്തിൽ നവംബർ 27 മുതൽ ഡിസംബർ 2വരെ ഞാലിയാകുഴി മാർ ബസേലിയോസ് ദയറായിൽ ഐക്കണോഗ്രാഫി ശില്പശാല നടക്കുകയുണ്ടായി. ഐക്കണോഗ്രാഫറായ ഫാദർ റിജോ ഗീവർഗീസ് ആയിരുന്നു ക്യാമ്പിന്റെ ഡയറക്ടർ. സഹോദരീ സഭയിലെ വൈദികൻ അടക്കം, വിവിധതുറകളിൽ നിന്നായി കടന്നുവന്ന, ഐക്കണോഗ്രാഫിയിൽ താല്പര്യമുള്ള 12 അംഗങ്ങളാണ് ക്യാമ്പിൽ പങ്കെടുത്തത്. പാരമ്പര്യ വിധിപ്രകാരം തയ്യാറാക്കിയ ജെസോ ബോർഡിൽ പ്രകൃതിദത്ത വർണ്ണങ്ങൾ ഉപയോഗിച്ച് ചെയ്യുന്ന സങ്കീർണമായ ചിത്രകലാ രീതിയാണ് അംഗങ്ങൾ അഭ്യസിച്ചത്. വേദശാസ്ത്രജ്ഞനും, ചിന്തകനും, ചിത്രകാരനുമായ ഫാദർ ഡോക്ടർ കെ എം ജോർജ് ശില്പശാല ഉദ്ഘാടനം ചെയ്യുകയുണ്ടായി. ‘ഇരുളിൽ നിന്ന് പ്രകാശത്തിലേക്ക് നയിക്കുന്ന ചിത്രങ്ങളാണ് ഐക്കണുകൾ’ എന്ന് ഫാദർ ഡോക്ടർ കെ എം ജോർജ് അഭിപ്രായപ്പെട്ടു. ക്യാമ്പ് സന്ദർശിച്ച അഹമ്മദാബാദ് ഭദ്രാസനാധിപൻ ഡോക്ടർ ഗീവർഗീസ് മാർ തെയോഫിലോസ് അനുഗ്രഹാശംസകൾ അറിയിക്കുകയുണ്ടായി. മലങ്കര ഓർത്തഡോക്സ് സഭയുടെ നാഗപൂർ വൈദിക സെമിനാരിയുടെ മുൻ പ്രിൻസിപ്പൽ ഫാദർ ഡോ. ബിജേഷ് ഫിലിപ്പ്, മാർ ബസോലിയോസ് ദയറാ സുപ്പീരിയർ ഫാദർ മാത്യു ജോൺ, പ്രശസ്ത ചുവർ ചിത്രകാരൻ ജിജുലാൽ എന്നിവർ ക്യാമ്പ് സന്ദർശിച്ചു.
ക്യാമ്പിനോട് അനുബന്ധിച്ച് മലങ്കര ദേവാലയങ്ങളിലെ ചുവർ ചിത്രങ്ങളുടെ പഠനവും നടത്തുകയുണ്ടായി. ക്യാമ്പ് അംഗങ്ങൾ മലങ്കരയിലെ പൗരാണിക ദേവാലയങ്ങൾ ആയ കോട്ടയം ചെറിയപള്ളി, കോട്ടയം വലിയപള്ളി, കോട്ടയം പഴയസെമിനാരി എന്നിവിടങ്ങൾ സന്ദർശിച്ച് ദേവാലയചുവർ ചിത്രങ്ങളെ കുറിച്ച് പഠനം നടത്തി. സമാപനത്തോടനുബന്ധിച്ച് പ്രശസ്ത ചിത്രകാരിയും മ്യൂറൽ പെയിൻററും ആയ ശ്രീമതി ഗ്രേസി ഫിലിപ്പിന്റെ ചിത്രങ്ങളുടെ പ്രദർശനവും നടന്നു. ഗ്രാഫെയുടെ നേതൃത്വത്തിൽ നടക്കുന്ന രണ്ടാമത്തെ ക്യാമ്പ് ആണിത്. ഇതിന് മുമ്പ് മലങ്കര ഓർത്തഡോക്സ് സഭയുടെ നാഗപൂർ സെമിനാരിയിൽ ഗ്രാഫെ ഐക്കണോഗ്രാഫി ശില്പശാല നടത്തിയിരുന്നു.