ഒരു മഞ്ഞുകണത്തിന്‍റെ മഹാമാനങ്ങള്‍ | ഫാ. ഡോ. കെ. എം. ജോര്‍ജ്

snow

അന്‍പതു വര്‍ഷങ്ങള്‍ക്കു മുമ്പാണ് മഞ്ഞു പെയ്യുന്നത് ഞാന്‍ ആദ്യമായി കണ്ടത്. പശ്ചിമ യൂറോപ്പില്‍ ഒരു സെപ്റ്റംബറില്‍ വിദ്യാര്‍ത്ഥിയായി എത്തി, ഡിസംബര്‍ മാസത്തില്‍, പരിമൃദുലമായ ശലകങ്ങളായി ആകാശത്തു നിന്നു പൊഴിയുന്ന മഞ്ഞിന്‍ കണികകള്‍ പുഷ്പവൃഷ്ടിപോലെ ദേഹത്തു പതിച്ചപ്പോള്‍ ആക്ഷരികമായി തുള്ളിച്ചാടി. മഞ്ഞുവീഴ്ചയെക്കുറിച്ച് അതുവരെയുണ്ടായിരുന്ന എല്ലാ സങ്കല്‍പ്പങ്ങളും വായിച്ചറിവുകളും മാറ്റിമറിച്ച സൗന്ദര്യാനുഭൂതിയായിരുന്നു അത്. മരംകോച്ചുന്ന തണുപ്പില്‍ ഏതാനും മണിക്കൂര്‍ അനങ്ങാതെ സാഹസികമായി നിന്നുകൊടുക്കാന്‍ തയ്യാറുണ്ടെങ്കില്‍ നാം മഞ്ഞുമനുഷ്യരായി മാറും. അതോടൊപ്പം വീടുകളും മരങ്ങളും ഭൂമിയും മുഴുവന്‍ മഞ്ഞുപുതപ്പില്‍ മൂടും.

എന്നാല്‍ ഇതിലും സുന്ദരമായ മറ്റൊരു വശമുണ്ട് മഞ്ഞുകണികകള്‍ക്ക്. മുറിയുടെ ചില്ലുജനാലയിലൂടെ പുറത്തു മഞ്ഞു വീഴുന്നതും കണ്ടുകൊണ്ടു നിന്നാല്‍, ചെറിയ കാറ്റടിക്കുമ്പോള്‍ അതിസൂക്ഷ്മമായ അതീവ നേര്‍മ്മയുള്ള ഹിമകണികകള്‍ ഇടയ്ക്ക് ജനാലചില്ലില്‍ പതിക്കും. നാം അതു ശരിക്കു കാണുംമുമ്പേ അലിഞ്ഞുപോവും. പക്ഷേ ഒരു നിമിഷത്തിന്‍റെ ഒരംശത്തിനുള്ളില്‍ ആ അണുകണിക നമുക്കൊരു ദര്‍ശനം തരും. സങ്കീര്‍ണ്ണവും സമമിതവുമായ (Symmetrical) ഈ ഹിമാണുവിനെ നഗ്നനേത്രങ്ങള്‍കൊണ്ട് പൂര്‍ണ്ണമായും കാണാനാവില്ലെങ്കിലും അതിന്‍റെ ചിത്രങ്ങള്‍ നമുക്കിന്നു ലഭ്യമാണ്. ഹിമപ്രതിഭാസത്തെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രമാണ് Nivology. അതനുസരിച്ച്, ഊഷ്മാവ് പൂജ്യത്തിനു താഴെ, ഏതാണ്ട് 25C ആകുമ്പോഴാണ് ഹിമാണുക്കള്‍ പൂര്‍ണ്ണരൂപം പ്രാപിക്കുന്നത്. സമമിതസുന്ദരമായി സംവിധാനം ചെയ്തിരിക്കുന്ന ആറു കൈകളുള്ള അതീവ ക്ഷണികമായ ഈ 3ഹിമകണങ്ങളുടെ സ്വഭാവത്തില്‍ നിന്ന് കാലാവസ്ഥയെപ്പറ്റിയും ആഗോളതാപനത്തെപ്പറ്റിയും പുതിയ കാര്യങ്ങള്‍ പഠിക്കാനാവും.
യേശു വയലിലെ പൂക്കളെക്കുറിച്ച് പറഞ്ഞത് നാം വീണ്ടും വീണ്ടും ഓര്‍മ്മിക്കണം. രാവിലെ മുളച്ചു വരികയും വൈകിട്ട് വാടിപ്പോവുകയും ചെയ്യുന്ന വയലിലെ പുല്ലിനെ, സര്‍വ്വാഢംബര വിഭൂഷിതനായ ശലോമോന്‍ രാജാവുമായി യേശു താരതമ്യം ചെയ്യുന്നുണ്ടല്ലോ. ഈ പുല്ലിലെ പൂവിലൊന്നുപോലെ അണിഞ്ഞൊരുങ്ങാന്‍ മഹത്വകിരീടമണിഞ്ഞ ഒരു രാജാവിനും സാധ്യമല്ലെന്നാണ് നസ്രായന്‍ പറഞ്ഞത്.

നാം മുകളില്‍ സൂചിപ്പിച്ച മഞ്ഞുകണികയെ വേണമെങ്കില്‍ യേശുവിന്‍റെ ഉപമയിലെ വയല്‍പ്പൂവിനു പകരമായി ഉപയോഗിക്കാം. അതീവ ക്ഷണികമെങ്കിലും, അതിന്‍റെ സംവിധാനക്രമം നമ്മെ അദ്ഭുതപ്പെടുത്തുന്നു. ഈ ക്രമം (order) പ്രപഞ്ചത്തിന്‍റെ അണുഗര്‍ഭതലം തൊട്ട്, അതിരുകള്‍ ഇതുവരെ വെളിപ്പെടുത്താത്ത പ്രപഞ്ചത്തിന്‍റെ മഹാമാനങ്ങള്‍ വരെ നിലനില്‍ക്കുന്നു എന്നതാണ് വിസ്മയത്തിനു കാരണം. പുരാതന ഗ്രീക്കുകാര്‍ യുക്തിനിര്‍ഭരമായ ഈ പ്രപഞ്ച വിന്യസനക്രമത്തെ Logos എന്ന് വിളിച്ചു. ഇന്ത്യയില്‍ ഏതാണ്ട് അതേ അര്‍ത്ഥത്തില്‍ ‘ധര്‍മ്മം’ (സകലത്തെയും പരസ്പര ബന്ധിതമായി താങ്ങിനിര്‍ത്തുന്നത്) എന്നും ചൈനയില്‍ ‘ഡാവോ’ (Tao) എന്നും, മറ്റെല്ലാ സംസ്കാരങ്ങളിലും ഏതാണ്ട് സമാനമായ അര്‍ത്ഥം വരുന്ന വാക്കുകളും ഉണ്ടായി. മേല്‍പ്പറഞ്ഞ വാക്കുകള്‍ക്കൊന്നും ഒരര്‍ത്ഥം മാത്രമല്ല, അനേക അര്‍ത്ഥതലങ്ങളും ധ്വനികളും ഉണ്ട്. ഈ ക്രമമാണ് മനുഷ്യഭാഷയുടെയും മനുഷ്യശാസ്ത്രത്തിന്‍റെയും അന്തര്‍ധാരയായ യുക്തി.

ഈ ക്രമത്തെ ആവുംവിധം വെളിപ്പെടുത്താനും വിശദീകരിക്കാനുമാണ് ആധുനിക ശാസ്ത്രം പ്രയത്നിക്കുന്നത്. എന്നാല്‍ ശാസ്ത്രീയ പഠന ഗവേഷണങ്ങളുടെ താഴത്തെ തലങ്ങളില്‍ വിശാലമായ പ്രപഞ്ചക്രമത്തെ കുറിച്ചും അതിന്‍റെ അര്‍ത്ഥവ്യാപ്തികളെക്കുറിച്ചും ചിന്തിക്കുന്നവര്‍ കുറവാണ്. ഗവേഷണത്തിന്‍റെ അന്തിമഫലം കമ്പോളമൂല്യമുള്ള ഏതെങ്കിലും ഒരു വ്യാവസായിക ഉല്‍പ്പന്നമോ അതീവ പ്രഹരശേഷിയുള്ള ആയുധമോ ഒക്കെ ആയിരിക്കണം എന്നുള്ള നിര്‍ബന്ധം രാഷ്ട്രീയാധികാരികളും യൂണിവേഴ്സിറ്റികളും മറ്റും ഗവേഷകരുടെമേല്‍ കെട്ടിവയ്ക്കുന്നുണ്ടല്ലോ. അതുകൊണ്ട് അന്തിമമായ അര്‍ത്ഥത്തെക്കുറിച്ചുള്ള വിചിന്തനം അപ്രസക്തവും ശാസ്ത്രേതരവുമാണെന്ന് ചിന്തിക്കുന്ന ധാരാളം ശാസ്ത്രജ്ഞരുണ്ട്.

എന്നാല്‍ ആധുനിക ശാസ്ത്രത്തിന് ഒരു ലാവണ്യവിചിന്തനം (Aesthetics) സാധ്യമാണോ എന്ന ചോദ്യം നാം ചോദിക്കേണ്ടതാണ്. ഭൗതികശാസ്ത്രമാണെങ്കിലും വേദശാസ്ത്രമാണെങ്കിലും സാമൂഹ്യശാസ്ത്രമാണെങ്കിലും എന്താണ് ‘സുന്ദരം’ എന്ന ചോദ്യം വളരെ വിശാലമായ അര്‍ത്ഥത്തില്‍, അതായത് സത്യം, നന്മ എന്നിവയുമായി ഇഴചേര്‍ന്നിരിക്കുന്ന സൗന്ദര്യത്തെക്കുറിച്ചുള്ള ചോദ്യം, ഗൗരവമായിത്തന്നെ ചോദിക്കേണ്ടതാണ്. നൂറായിരം വിഭാഗങ്ങളും ഉപവിഭാഗങ്ങളുമായി ശാഖാചംക്രമണം ചെയ്തുകൊണ്ടിരിക്കുന്ന വൈജ്ഞാനിക മേഖലയില്‍, എന്താണ് അറിവ്, എന്താണ് അറിവിന്‍റെ യുക്തിയും ദിശാബോധവും, എങ്ങനെ അറിവുകളുടെ അറിവിനെ നേടാം, എന്താണ് അറിവിന്‍റെ സൗന്ദര്യം തുടങ്ങിയ ചോദ്യങ്ങള്‍ ചോദിക്കേണ്ടിയിരിക്കുന്നു. അതുകൊണ്ടാണ് ശാസ്ത്രലോകത്ത് ലാവണ്യവിചാരത്തിന്‍റെ പ്രസക്തിയെക്കുറിച്ച് പറഞ്ഞത്. ഗണിതത്തിലും ഫിസിക്സിലുമൊക്കെ ചില സമവാക്യങ്ങള്‍ (equations) സുന്ദരമാണെന്ന് പറയാറുണ്ട്. പക്ഷേ അവിടെ ഉദ്ദേശിക്കുന്നത്, ഒരു സിദ്ധാന്തമോ ഗണിതക്രമമോ അതില്‍ത്തന്നെ യുക്തിഭദ്രവും മറ്റു ചില സമസ്യകളെ വിശദീകരിക്കാന്‍ പര്യാപ്തവുമാണ് എന്നാണ്. അപ്പോള്‍ അത് സുന്ദരമെന്ന് വിശേഷിപ്പിക്കപ്പെടാം. പക്ഷേ അതുകൊണ്ടായില്ലല്ലോ. എം. സി. എഷര്‍ (M. C. Escher) എന്ന പ്രസിദ്ധനായ ഡച്ച് ചിത്രകാരന്‍റെ ജ്യാമിതീയ സമസ്യകളുള്ള ചിത്രങ്ങള്‍ കണ്ടാണ് ഇന്നു വളരെ അറിയപ്പെടുന്ന ഗണിത-ഭൗതിക ശാസ്ത്രജ്ഞനായ റോജര്‍ പെന്‍റോസ് തന്‍റെ “അസാദ്ധ്യ ത്രികോണം” (The impossible Triangle) സൃഷ്ടിച്ചത്. ഗണിതം, ജ്യോമട്രി, സ്ഥലം (space), യുക്തി, അനന്തത എന്നിവയെല്ലാം തമ്മില്‍ ബന്ധിപ്പിക്കുന്നവയാണ് രണ്ടുപേരുടെയും സംഭാവനകള്‍. അവിടെ നാം മനസ്സിലാക്കുന്നത് ഒരു ശാസ്ത്രസിദ്ധാന്തവും അതില്‍തന്നെ പൂര്‍ണ്ണമാവുന്നില്ല എന്നാണ്. നമുക്ക് അജ്ഞേയവും നാം അസാദ്ധ്യമെന്ന് വിശേഷിപ്പിക്കുന്നതുമായ അനന്തമാനത്തിലേക്ക് അത് തുറക്കപ്പെടുന്നു. ഈ തുറവിയാണ് ആ സിദ്ധാന്തത്തെ സുന്ദരമാക്കുന്നത്. അപ്പോള്‍ ഒരേസമയം പരിമിതിയും അസാദ്ധ്യതയും ചേര്‍ന്ന് അപരിമിതവും അനന്തവുമായ സാധ്യതകളിലേക്ക് വാതില്‍ തുറക്കുന്നു. ഇവിടെ ശാസ്ത്രത്തിനും ഗണിതത്തിനും മറ്റും ലാവണ്യവിചാര സാദ്ധ്യതകളുണ്ട്.

ഇപ്പറഞ്ഞതുപോലെ തന്നെയാണ് വേദശാസ്ത്രവും അല്ലെങ്കില്‍ Theology യും. തീര്‍ത്തും അജ്ഞേയമായ (unknowable) ‘ദൈവം’ എന്ന യാഥാര്‍ത്ഥ്യത്തെയാണ് തിയോളജി എത്തിപ്പിടിക്കാന്‍ ശ്രമിക്കുന്നത്. അവിടെ പൂര്‍ണ്ണമായും പരാജയപ്പെടുകയും, സൃഷ്ടിയിലേക്ക് തിരിഞ്ഞ് അതിന്‍റെ സൂക്ഷ്മ സങ്കീര്‍ണ്ണതകളും സമമിതത്വവും സമവായവും തേടാന്‍ Theology നിയോഗിക്കപ്പെടുകയും ചെയ്യുന്നു. ഇത് സാധിക്കണമെങ്കില്‍ തിയോളജിക്ക് ഒരു സൗന്ദര്യശാസ്ത്രം (Aesthetics) അനുപേക്ഷണീയമാണ്. ദൈവപുത്രന്‍റെ മനുഷ്യാവതാരം (Incarnation) ആണ് ക്രിസ്തീയ ദര്‍ശനത്തിന് ഈ സൗന്ദര്യശാസ്ത്രത്തിന്‍റെ അടിസ്ഥാനബിന്ദു. കാരണം ജനനവും മരണവും ഉയിര്‍ത്തെഴുന്നേല്‍പ്പുമായി സൃഷ്ടിയുടെ എല്ലാ ഭാവങ്ങളെയും പരിമിതികളെയും അസാധ്യതകളെയും മനുഷ്യപുത്രന്‍ സ്വന്ത ശരീരത്തിലും മനസ്സിലും സ്വീകരിച്ചു. ഇവിടെ പരിമിതിയുണ്ട്, ബലഹീനതയുണ്ട്, അസാധ്യതയുണ്ട്. പക്ഷേ ഇവിടെത്തന്നെ, ഈ സൃഷ്ടിയില്‍ അപരിമിതവും, സുഭദ്രവുമായ സാധ്യതകള്‍ തുറക്കപ്പെടുന്നു. ഇവിടെ ശാസ്ത്രത്തിന്‍റെയും ക്രിസ്തീയ ദര്‍ശനത്തിന്‍റെയും ലാവണ്യ ദര്‍ശനം സമാനമായി തീരുന്നു. ഈ സൗന്ദര്യദര്‍ശനങ്ങളുടെ സമാനതയും പൊതുവേദിയും ശാസ്ത്രത്തിനും മതത്തിനും സര്‍ഗ്ഗാത്മകമായ വിചിന്തനത്തിനും പുതിയൊരു സമഗ്രമായ ദിശാബോധത്തിനും വഴിയൊരുക്കുന്നു.

ഹിമകണത്തിന്‍റെ ക്ഷണഭംഗുരത അതിന്‍റെ പരിമിതിയും അസാധ്യതയുമാണ്. എന്നാല്‍ അതിന്‍റെ സങ്കീര്‍ണ്ണതയും സമമിതരൂപവും പ്രപഞ്ചത്തിന്‍റെ മഹാസാധ്യതകളിലേക്ക് വിരല്‍ചൂണ്ടുന്നു.

(New Vision, Jan. 2024)