പരിസ്ഥിതിയും ഗാഢലാവണ്യാനുഭൂതിയും | ഫാ. ഡോ. കെ. എം. ജോര്‍ജ്

34a
പരിസ്ഥിതി എന്ന വാക്ക് ഏതാനും ദശകങ്ങളായിട്ട് നാം വളരെയേറെ ഉപയോഗിക്കുന്നു. ഇംഗ്ലീഷിലെ Environment എന്നതിന് പകരമായിട്ടാണ് മലയാളത്തില്‍ പരിസ്ഥിതി സാധാരണ ഉപയോഗിക്കുന്നത്. 20-ാം നൂറ്റാണ്ടിന്‍റെ ഉത്തരാര്‍ദ്ധത്തിലാണ് പാരിസ്ഥിതികശാസ്ത്രം (Environmental Science) എന്ന പഠനശാഖ ഉരുത്തിരിയുന്നത്. അതിനു പകരമായി ലരീഹീഴ്യ എന്ന പദവും ഉപയോഗിക്കുന്നുണ്ട്. ആവാസ വ്യവസ്ഥയെ (Ecosystem) സംബന്ധിച്ചുള്ള പഠനമാണല്ലോ Ecology. ഈ വാക്കുകളെല്ലാം തമ്മില്‍ നേരിയ അര്‍ത്ഥഭേദങ്ങള്‍ ഉണ്ട്. പരിസ്ഥിതി എന്ന വാക്കിന് ആക്ഷരികമായിട്ട് അര്‍ത്ഥമെടുത്താല്‍ ‘ചുറ്റുമുള്ള അവസ്ഥ’ എന്നു പറയാം. സ്വാഭാവികമായും ഇത് മനുഷ്യരായ നമുക്ക് ചുറ്റുമുള്ള വ്യവസ്ഥയാണ്. അതായത് മനുഷ്യകേന്ദ്രീകൃതമായ (Anthropocentric) ചുറ്റുപാടുകള്‍. ആവാസ വ്യവസ്ഥയെന്നു പറയുമ്പോഴും അതിന്‍റെ കേന്ദ്രത്തില്‍ മനുഷ്യനാണ്. മനുഷ്യനെ ചുറ്റിപ്പറ്റിയുള്ള ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥയെക്കുറിച്ചാണ് നാം കൂടുതല്‍ പഠിക്കുന്നത്.

ശാസ്ത്രീയമായ പഠനങ്ങള്‍ക്കൊപ്പം ഈ വാക്കുകള്‍ ദാര്‍ശനികവും വേദശാസ്ത്രപരവും ആദ്ധ്യാത്മികവും സൗന്ദര്യശാസ്ത്ര സ്പര്‍ശിയുമായ ചിന്തകളെയും പഠനങ്ങളെയും ഉയര്‍ത്തിവിട്ടിട്ടുണ്ട്. ഉദാഹരണമായി Eco- Philosophy, Eco-Sophy, Eco-Theology, Eco-Spirituality, Eco-Feminism, Eco-Aesthetics തുടങ്ങിയവ ഓര്‍ക്കാം. നമുക്ക് ചുറ്റുമുള്ള ഭൗതിക പരിസ്ഥിതിക്കപ്പുറത്ത് പ്രത്യയശാസ്ത്രപരമായും ആദ്ധ്യാത്മികവും സൗന്ദര്യശാസ്ത്രപരവുമായ നിരവധി ആശയലോകങ്ങളിലേയ്ക്ക് നമ്മെ ഈ വാക്ക് നയിക്കുന്നു. അപ്പോള്‍ വെറും ഇന്ദ്രിയനിഷ്ഠമായ അനുഭവങ്ങള്‍ക്ക് അപ്പുറം അതീന്ദ്രിയമായ അനുഭവമണ്ഡലങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ ഇപ്പോള്‍ നമുക്ക് അവസരം ഉണ്ടായിരിക്കുന്നു.

ഈ ചിന്തകളൊന്നും വാസ്തവത്തില്‍ പുതിയ ആശയങ്ങളല്ല. ആധുനികശാസ്ത്രവും സാങ്കേതികവിദ്യയും വികാസം പ്രാപിച്ചു തുടങ്ങിയ കഴിഞ്ഞ രണ്ടു നൂറ്റാണ്ടുകളില്‍ നടന്ന മനുഷ്യപ്രവര്‍ത്തനങ്ങള്‍ മൂലം ഉണ്ടായ ഒന്നാണ് പാരിസ്ഥിതിക പ്രതിസന്ധി (Environmental crisis). അതായത് മനുഷ്യനും മനുഷ്യജീവനെ എപ്പോഴും താങ്ങിനിര്‍ത്തിക്കൊണ്ടിരിക്കുന്ന പ്രകൃതിയും തമ്മില്‍ അകല്‍ച്ച ഉണ്ടായി. മനുഷ്യര്‍ അവരുടെ ആവാസ വ്യവസ്ഥയായ ഭൂമിയുടെമേല്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മൂലം ആഘാതമേല്പിച്ചു തുടങ്ങി. ഭൂമി കുഴിച്ചു കുഴിച്ചു ഇരുമ്പും ചെമ്പും സ്വര്‍ണ്ണവും കല്‍ക്കരിയും അതിഭീമമായ എണ്ണഖനനവും നടത്തി. കല്‍ക്കരിയും എണ്ണയും കത്തിച്ച് ഭൂമിയുടെ ജൈവമേഖല വിഷലിപ്തമാക്കി. ഒരിക്കലും നശിക്കാത്ത പ്ലാസ്റ്റിക്കും ന്യൂക്ലിയര്‍ റിയാക്ടറുകളും ആയുധങ്ങളും സൃഷ്ടിച്ച് മണ്ണ്, വെള്ളം, വായു എന്നിവയെ തീര്‍ത്തും മലീമസമാക്കി. മനുഷ്യനും ജീവജാലങ്ങള്‍ക്കും ശ്വാസം മുട്ടിത്തുടങ്ങി. വ്യാവസായികവും സാങ്കേതികവും നാഗരികവുമായ എല്ലാ വികസനവും (Development) പരിസ്ഥിതിയുടെ (Environment) സംതുലിതാവസ്ഥ നശിപ്പിച്ചു ജീവന്‍റെ താളക്രമം അവതാളത്തിലാക്കി. ഇതാണ് പാരിസ്ഥിതിക പ്രതിസന്ധിയുടെ കാതലായ പ്രശ്നം.

അതുകൊണ്ട് പാരിസ്ഥിതിക ലാവണ്യശാസ്ത്ര (Eco-Aesthetics) ത്തിന്‍റെ ധര്‍മ്മം എന്നു പറയുന്നത് പ്രധാനമായും വികൃതവും വിഷമയവും ആക്കപ്പെട്ട നമ്മുടെ കൊച്ചുഭൂമിയെ അതിന്‍റെ സുന്ദരമായ താളക്രമത്തിലേക്ക് തിരിച്ചുകൊണ്ടുവരുവാന്‍ സഹായിക്കുക എന്നതാണ്.

എന്നാല്‍ ഇവിടെ പരിസ്ഥിതിയുടെ അഥവാ ബാഹ്യമായ ചുറ്റുപാടുകളുടെ ഇപ്പോഴത്തെ അവസ്ഥ ഒരു രോഗലക്ഷണമായി കാണണം. രോഗം ബാധിച്ചിരിക്കുന്നത് നമുക്ക് ദൃശ്യമായ പ്രകൃതിയിലല്ല, അതിന്‍റെ അദൃശ്യമായ വേരുകളിലും അവയുടെ പരസ്പര ബന്ധത്തിലുമാണ്. പുറമെ നോക്കുമ്പോള്‍ ഓരോന്നും വേറെ വേറെ നാം കാണുന്നെങ്കിലും, അതായത് ഇന്ത്യയില്‍ പറയുന്നതുപോലെ വിവിധ നാമരൂപങ്ങളില്‍ അറിയപ്പെടുന്നെങ്കിലും, നമുക്ക് അദൃശ്യമായ ആഴങ്ങളില്‍ ഇവയെല്ലാം പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നു. ഈ പാരസ്പര്യവും ബാന്ധവവും നമ്മുടെ സൗന്ദര്യദര്‍ശനത്തിന്‍റെ ആണിക്കല്ലാണ്. സംഗീതത്തില്‍ ശ്രുതിയും താളലയങ്ങളും അടിസ്ഥാനപരമാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. വാക്കുകള്‍ കൊണ്ടു രചിച്ച ഗീതങ്ങള്‍ക്കു മുമ്പുള്ളതാണ് സംഗീതം. വാക്കുകള്‍ വരുമ്പോള്‍ അത് പല ഭാഷകളില്‍ ആവാം. പല അര്‍ത്ഥങ്ങള്‍ ധ്വനിപ്പിക്കാം. എന്നാല്‍ അതിനെല്ലാം ഉറവിടമായ സംഗീതം എല്ലാ മനുഷ്യര്‍ക്കും ഒന്നാണ്; ജീവജാലങ്ങള്‍ക്കു പോലും ആസ്വാദ്യകരവും ആനന്ദദായകവുമാണ്. അപ്പോള്‍ നമ്മുടെ സൗന്ദര്യദര്‍ശനം സൃഷ്ടിയുടെ ഉറവിടങ്ങളിലേക്ക് മടങ്ങുമ്പോഴാണ് അത് സാര്‍വ്വജനീനവും ശാന്തിപ്രദവും സര്‍വ്വാനന്ദകാരിയുമാകുന്നത്. എല്ലാ കലകളുടെയും അടിസ്ഥാനത്തില്‍ ഇങ്ങനെ സംഗീതതുല്യമായ ഒരു താളാത്മകതയുണ്ട്. ഈ താളം (rhythm) തന്നെയാണ് പ്രകൃതിയുടെ ഋതം അഥവാ ഋതുക്കളായി, കാലസംക്രമണങ്ങളുടെ ഒഴുക്കായി ‘കാലാവസ്ഥ’യായി മാറുന്നത്. അതുകൊണ്ടാണ് കാലാവസ്ഥാ വ്യതിയാനം പാരിസ്ഥിതിക രോഗത്തിന്‍റെ പ്രധാന ലക്ഷണങ്ങളിലൊന്നായി നാം കരുതുന്നത്. കാലത്തിന്‍റെ താളക്രമം പ്രപഞ്ചത്തിന്‍റെ ആന്തരിക താളക്രമത്തില്‍ നിന്ന് ഉരുത്തിരിയുന്നതാണ്.

നമ്മുടെ സൗന്ദര്യദര്‍ശനത്തെ ആഴമുള്ളതാക്കണമെങ്കില്‍ നാം സൃഷ്ടിയുടെ ആന്തരിക ബന്ധങ്ങളും പാരസ്പര്യങ്ങളും സൂക്ഷ്മസ്പന്ദനങ്ങളും തിരിച്ചറിയാന്‍ പരിശീലനം നേടണം. അതായത് പരിസ്ഥിതിയുടെ ബാഹ്യലക്ഷണങ്ങളില്‍ മാത്രം ശ്രദ്ധിച്ചുകൊണ്ടിരിക്കാതെ എന്താണ് അതിനെ ചൈതന്യവത്താക്കുന്ന ശക്തി എന്ന് അന്വേഷിച്ചുകൊണ്ടിരിക്കണം. ഇത് മനുഷ്യര്‍ക്ക് സാധ്യമായതും ചുമതലയുള്ളതുമായ ഒരു അന്വേഷണമാണ്. രണ്ട് ഉദാഹരണങ്ങള്‍ പറയാം:

ഇപ്പോള്‍ നമുക്കറിയാവുന്ന പ്രപഞ്ച വിജ്ഞാനീയം (Cosmology) അനുസരിച്ച് നമ്മുടെ പ്രപഞ്ചം അനുനിമിഷം വികസിച്ചുകൊണ്ടിരിക്കയാണ് (Inflationary Universe). വെറുതെ വികാസം മാത്രമല്ല, ആ വികാസത്തിന് തുടര്‍ച്ചയായ ശീഘ്ര വര്‍ദ്ധനവ് (accelaration) ഉണ്ട്. അതായത് കൂടിക്കൂടി വരുന്ന വേഗതയില്‍ ഗാലക്സികള്‍ തമ്മില്‍ അകന്നുകൊണ്ടിരിക്കയാണ്. ഇത് തെളിയിക്കാനുള്ള ശാസ്ത്രീയ സംവിധാനങ്ങള്‍ ഇപ്പോളുണ്ട്. എന്നാല്‍ എന്തു ശക്തിയാണ് പ്രപഞ്ചത്തെ അനുക്ഷണവികസ്വരമാക്കുന്നത് എന്ന ചോദ്യത്തിന് തൃപ്തികരമായ ഉത്തരമില്ല. ആദിമഹാവിസ്ഫോടനത്തിന്‍റെ (Big Bang) ഊക്ക് കൊണ്ടാണ് അത് സംഭവിക്കുന്നതെന്ന് ചിലര്‍ പറയുന്നു. എങ്കിലും ചോദ്യം നിലനില്‍ക്കുന്നു. എന്ത് ശക്തിയാണ് ആ വിസ്ഫോടനത്തെ ത്വരിപ്പിച്ചത്? എന്ത് തരം ചൈതന്യമാണ് പ്രപഞ്ചത്തെ ഒരേ സമയം വിടര്‍ത്തുകയും ഒരുമിച്ചു നിര്‍ത്തുകയും ചെയ്യുന്നത്?

കുറെക്കൂടി ലളിതമായ മറ്റൊരു ഉദാഹരണമെടുക്കാം. നമ്മുടെ ഓരോരുത്തരുടെയും ശരീരത്തെത്തന്നെ നമുക്ക് നോക്കാം. നമ്മുടെ ശരീരത്തില്‍ പ്രത്യേകിച്ച് വേദനയോ ബലഹീനതയോ ഒന്നും ഇല്ലാതെ പൂര്‍ണ്ണആരോഗ്യത്തോടെ ഇരുന്നാല്‍ നാം ശരീരത്തിന്‍റെ ആന്തരീക സ്ഥിതിയെക്കുറിച്ച് ഒന്നും ആലോചിക്കുകയില്ല. എന്നാല്‍ ഏതെങ്കിലും ഒരു അവയവത്തിന് വേദനയോ ആകപ്പാടെ അസ്വസ്ഥതയോ വന്നാല്‍ നാം പെട്ടെന്ന് കാരണമന്വേഷിക്കുകയും വൈദ്യസഹായം തേടുകയും ചെയ്തേക്കാം. ഡോക്ടര്‍മാര്‍ രോഗം കണ്ടുപിടിക്കുകയും അതിന് പ്രതിവിധി ചെയ്ത് നമുക്ക് സൗഖ്യം നല്‍കുകയും ചെയ്യുന്നുവെന്ന് വിചാരിക്കുക. അപ്പോഴും നാമോ ഡോക്ടര്‍മാരോ ആരുംതന്നെ രോഗത്തിനും രോഗകാരണങ്ങള്‍ക്കും പുറകില്‍ നമ്മെ ചലിപ്പിക്കുന്ന ജീവചൈതന്യത്തെക്കുറിച്ച് സാധാരണഗതിയില്‍ ചിന്തിക്കുന്നതേയില്ല. ഈ പറഞ്ഞതുപോലെയാണ് നമ്മുടെ പരിസ്ഥിതിയും പാരിസ്ഥിതിക സൗന്ദര്യദര്‍ശനവും. നമുക്ക് അസ്വസ്ഥത ഉണ്ടാക്കുന്ന ചുറ്റുപാടുകളെ അഥവാ പരിസ്ഥിതിയെ എങ്ങനെ ചികിത്സിക്കാം എന്നാണ് പരിസ്ഥിതി സ്നേഹികള്‍ ചിന്തിക്കുന്നത്. കുറെ മരങ്ങള്‍ വച്ചുപിടിപ്പിച്ചും ഗംഗ പോലെയുള്ള നദികളെ ശുദ്ധീകരിച്ചും കാര്‍ബണ്‍ വാതകത്തിന്‍റെ ഉല്‍സര്‍ജനം നിയന്ത്രിച്ചും മറ്റും പരിസ്ഥിതിയുടെ താളക്രമം വീണ്ടെടുക്കാമെന്ന് നാം വിചാരിക്കുന്നു. ഇത് തീര്‍ച്ചയായും നല്ലതാണ്. എന്നാല്‍ പ്രപഞ്ചം മുഴുവന്‍ ആദിമുതല്‍ പരന്നൊഴുകുന്ന സംഗീതവീചികള്‍ സകല നക്ഷത്രജാലങ്ങളെയും തൊട്ടുതലോടുന്നുണ്ട് എന്ന ബോധത്തിലേക്ക് നമ്മുടെ പാരിസ്ഥിതിക ശാസ്ത്രങ്ങള്‍ ഒന്നും എത്തുന്നില്ല. ഇവിടെയാണ് സൗന്ദര്യദര്‍ശനത്തിന്‍റെ സവിശേഷമായ ധര്‍മ്മം. ബാഹ്യമായി കാണുന്ന പ്രകൃതിയുടെ താളക്രമങ്ങള്‍ പ്രപഞ്ച സംഗീതത്തിന്‍റെ അനുരണനങ്ങള്‍ മാത്രമാണ് എന്നു തിരിച്ചറിയുവാന്‍ നമ്മെ സഹായിക്കുന്നത് ഗാഢലാവണ്യബോധമാണ്. ഈ തിരിച്ചറിയലിന്‍റെ അനുഭവത്തെ നമുക്ക് വേണമെങ്കില്‍ Deep Aesthetics എന്നു വിശേഷിപ്പിക്കാം. പുരാതന മനുഷ്യസങ്കല്‍പ്പങ്ങളില്‍, ഇന്ത്യയിലോ ഗ്രീസിലോ ചൈനയിലോ ബാബിലോണിലോ ആണെങ്കിലും പ്രപഞ്ചസംഗീതം എന്നൊരു സങ്കല്‍പ്പവും അനുഭവവും ഉണ്ട്. സുഷിരങ്ങളിട്ട ഒരു ഈറക്കുഴലില്‍ മനുഷ്യശ്വാസം എന്ന കാറ്റ് സന്നിവേശിപ്പിക്കുമ്പോള്‍ അതില്‍ നിന്ന് ഉത്ഭവിക്കുന്ന നാദതരംഗങ്ങള്‍ പ്രപഞ്ചസംഗീതത്തിന്‍റെ ആവിഷ്ക്കാരമാണ്. ഇന്ത്യയില്‍ അത് ദേവസങ്കല്‍പ്പവുമായി ലയിപ്പിക്കുകയാണ്. അതുകൊണ്ടാണല്ലോ ശ്രീകൃഷ്ണന്‍റെ മുരളീരവത്തില്‍ മനുഷ്യര്‍ മാത്രമല്ല പക്ഷിമൃഗാദികളും പ്രകൃതി മുഴുവനും മയങ്ങുന്നത്. പുരാതന ഗോത്ര സംസ്കാരങ്ങളിലും നമുക്ക് സമകാലികമായ ആദിവാസി സംസ്കാരങ്ങളിലും ലോകത്ത് എല്ലായിടത്തും പ്രപഞ്ചസംഗീതത്തെ അവരവരുടേതായ സംഗീത ഉപകരണങ്ങളിലൂടെ അവര്‍ ആവിഷ്ക്കരിക്കുന്നു.

പ്രപഞ്ചത്തിന്‍റെ താളലയങ്ങളിലേക്കു പ്രവേശിക്കുവാന്‍ ഒരാള്‍ ഔപചാരിക സംഗീതം പഠിക്കണമെന്നില്ല. ഗര്‍ഭാവസ്ഥയിലായിരിക്കുമ്പോഴേ അമ്മയുടെ ഹൃദയസ്പന്ദനങ്ങള്‍ ഏറ്റുവാങ്ങുന്ന ഓരോ ശിശുവും തന്‍റെ അമ്മയിലൂടെ പുറകോട്ടു പോയി മനുഷ്യവംശത്തിന്‍റെ ഹൃദയതാളവും ഏറ്റുവാങ്ങുകയാണ്. വീണ്ടും വിശാലമായി ചിന്തിക്കുമ്പോള്‍, മനുഷ്യവംശത്തിന്‍റെ ഹൃദയസ്പന്ദനങ്ങള്‍ സകല ജീവജാലങ്ങളുടെയും ഹൃദയസ്പന്ദനങ്ങളോടു ബന്ധപ്പെട്ടിരിക്കുന്നു എന്നു കാണാം. അതിനുമപ്പുറത്തേയ്ക്കു നോക്കുമ്പോള്‍, ഭൂമിയിലെ സകല ജീവന്‍റെയും ആദിതാളം വായുവിന്‍റെയും വെള്ളത്തിന്‍റെയും വെളിച്ചത്തിന്‍റെയും മണ്ണിന്‍റെയും ആകാശവിസ്തൃതിയുടെയും താളങ്ങളില്‍ നിന്നാണ് ഉയിര്‍കൊള്ളുന്നത്. വീണ്ടും നാം പുറകോട്ടു പോയാല്‍ സൂര്യന്‍റെയും ഭൂമിയുടെ സഹോദരീ ഗ്രഹങ്ങളുടെയും, പിന്നെ നൂറു ബില്യന്‍ സൂര്യന്മാര്‍ എങ്കിലും ഉള്‍ക്കൊള്ളുന്ന ആകാശഗംഗയെന്ന നക്ഷത്രജാലത്തിന്‍റെയും പിന്നെ ഇതുവരെ ഒരു ടെലസ്ക്കോപ്പിലും ദര്‍ശിക്കാനാവാത്ത കോടാനുകോടി നക്ഷത്ര സമൂഹങ്ങളിലേക്കും അവയ്ക്കും അപ്പുറത്ത് നമ്മുടെ പ്രപഞ്ചത്തെ പ്രക്ഷാളനം ചെയ്യുന്ന തമോദ്രവ്യത്തിലേക്കും (dark matter) അതിനുമപ്പുറത്ത് ഒരു ശാസ്ത്രത്തിനും ഇതുവരെ ഗ്രഹിക്കാനാവാത്ത തമോര്‍ജ്ജത്തിന്‍റെ (dark energy) മഹാരഹസ്യങ്ങളിലേക്കും അതിനും പിന്നില്‍ അജ്ഞേയതയുടെ ആഴങ്ങളിലേക്കും ശിശുവിന്‍റെ ഹൃദയസ്പന്ദനം നീളുന്നു.

ജനിച്ചുവീഴുന്ന ഒരു മനുഷ്യക്കുഞ്ഞിന്‍റെ ഹൃദയതാളത്തില്‍ നാം തുടങ്ങിയെങ്കിലും അതിന്‍റെ ഇഴകള്‍ പിടിച്ചു നാം പുറകോട്ടു പുറകോട്ടു പോയപ്പോള്‍ എവിടെ നാം എത്തിയെന്ന് ചിന്തിക്കുക. വാസ്തവത്തില്‍ അവിടെയും അത് തീരുന്നില്ല. പക്ഷേ നമുക്ക് ഇനിയും പിടിച്ചുകയറാന്‍ യുക്തിസഹമായ ഇഴകള്‍ ഒന്നും ലഭ്യമല്ലല്ലോ. മേല്‍പറഞ്ഞ വാചകങ്ങളില്‍ ‘പുറകോട്ട്’ എന്ന വാക്ക് പലവുരു നാം ഉപയോഗിച്ചു. ഈ വാക്കിന് പ്രത്യേക ആധികാരികതയൊന്നുമില്ല. അതിനു പകരം എല്ലാ വാചകങ്ങളിലും നമുക്ക് ‘ഉള്ളിലേക്ക്’ എന്ന വാക്കും ഉപയോഗിക്കാം. അല്ലെങ്കില്‍ ‘ആഴത്തിലേക്കും’ എന്നോ ‘നാനാവശങ്ങളിലേക്കും’ എന്നോ ‘താഴേക്ക്’ എന്നോ ‘മുകളിലേക്ക്’ എന്നോ എന്തു പറഞ്ഞാലും കുഴപ്പമില്ല. സ്ഥലം (space) എന്ന മാനത്തെക്കുറിച്ച് ഇത്രയുമൊക്കെയേ സാമാന്യബുദ്ധിയുടെ കാഴ്ചപ്പാടില്‍ നമുക്ക് പറയാനാവൂ.

ഇങ്ങനെയുള്ള ഒരു സൗന്ദര്യദര്‍ശനത്തെയാണ് നമുക്ക് Deep Aesthetics എന്നു വിളിക്കാവുന്നത്. ഇത് വെറും സങ്കല്‍പ്പമാണോ അതോ അനുഭവവേദ്യമാണോ എന്ന ചോദ്യം ഉണ്ടാകാം. ആദ്യം സങ്കല്‍പം ഉണ്ടാകട്ടെ. ആ സങ്കല്‍പത്തിന് ശാസ്ത്രീയമായ കുറെ അടിത്തറയും ഏണിപ്പടികളും ഉണ്ട്. അപ്പോള്‍ അതിലൂടെ നാം കയറിത്തുടങ്ങുമ്പോള്‍ ക്രമേണ അതിന്‍റെ അനുഭവശ്രേണിയിലേക്കു നാം പ്രവേശിക്കും. ഹിമാലയത്തിന്‍റെ താഴ്വരകളില്‍ നിന്ന്
എവറസ്റ്റിലെത്തുന്നതിനെക്കുറിച്ച് നമുക്ക് സങ്കല്‍പിക്കാനാവും. അവിടെയെത്തി നാം കാണുന്ന കാഴ്ചയും സങ്കല്‍പിക്കാനാവും. എന്നാല്‍ സാഹസികരായ ചില മനുഷ്യര്‍ ആ സങ്കല്‍പത്തെ അനുഭവവേദ്യമാക്കുന്നുണ്ടല്ലോ. എന്നാല്‍ ഇവിടെ നിര്‍ദ്ദേശിച്ച ഗാഢലാവണ്യ വാദം (Deep Aesthetics) അനുസരിച്ച് ഈ സൗന്ദര്യാനുഭൂതിയിലേക്കു പ്രവേശിക്കുവാന്‍ പര്‍വതാരോഹകരെപ്പോലെ ശരീരശേഷിയും ഭൗതിക സന്നാഹങ്ങളും നമുക്ക് ആവശ്യമില്ല. മാനസികമായ നിരന്തര പരിശീലനത്തിലൂടെ, സൃഷ്ടിയുടെ മഹാരഹസ്യങ്ങള്‍ക്കുവേണ്ടി സ്രഷ്ടാവിന് അര്‍പ്പിക്കുന്ന കൃതജ്ഞതാനിര്‍ഭരമായ സ്തോത്രത്തിലൂടെ, ഇന്ദ്രിയങ്ങളുടെ സമ്യക്കായ ധ്യാനസംവേദനത്തിലൂടെ എല്ലാവര്‍ക്കും ഈ ലാവണ്യാനുഭൂതിയിലേക്കു പ്രവേശിക്കാനാവും.