അക്ഷരം ജാലകമാക്കുന്ന ജാലവിദ്യ | ഫാ. ഡോ. കെ. എം. ജോര്‍ജ്

aksharam-01-kmg aksharam-02-kmg
ശരീരശാസ്ത്രത്തില്‍ ഓട്ടോഫജി (autophagy) എന്നു വിശേഷിപ്പിക്കപ്പെടുന്ന ഒരു ശരീരധര്‍മ്മത്തെക്കുറിച്ച് പറയുന്നുണ്ട്. ഗ്രീക്ക് ഭാഷയില്‍ നിന്നു വന്ന ഈ വാക്കിനര്‍ത്ഥം ‘സ്വയം ഭുജിക്കല്‍’ (auto – സ്വയം, phagein – തിന്നുക). സംഗതി ഇതാണ്; ജീവനുള്ള ശരീരത്തില്‍ നിരന്തരം കോടിക്കണക്കിന് കോശങ്ങള്‍ ചാവുകയും പുതിയ കോശങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. നിര്‍ജ്ജീവകോശങ്ങളെ നീക്കം ചെയ്തുകൊണ്ടിരുന്നെങ്കിലേ പുതിയ ജീവകോശങ്ങള്‍ക്കു വളരാനാവൂ. ത്വക്കിനു പുറമേയുള്ള കോശജഡങ്ങള്‍ താനേ കൊഴിഞ്ഞുപൊയ്ക്കൊള്ളും. എന്നാല്‍ ആന്തരികാവയവങ്ങളില്‍ ചാവുന്ന കോശങ്ങളെ ശ്വേതരക്താണുക്കളും മറ്റും വലിച്ചെടുത്ത് തീരെ കൊള്ളാത്ത ഭാഗങ്ങള്‍ തള്ളുകയും കൊള്ളുന്നവയെ റീസൈക്കിള്‍ ചെയ്ത് പുതിയ കോശങ്ങളില്‍ ചേര്‍ക്കയും ചെയ്യുന്നു. ജീവനുള്ള ശരീരത്തിനു മാത്രമേ ഈ ധര്‍മ്മം നിര്‍വ്വഹിക്കാനാവൂ. ജീവന്‍റെ നൈരന്തര്യമാണ് ഈ പ്രകിയയിലൂടെ സാധിക്കുന്നത്.

സാഹിത്യത്തെ ജീവനുള്ള ഒരു ശരീരമായി നമുക്കു സങ്കല്‍പ്പിക്കാം. അതിന്‍റെ ജീവന്‍ ആരോഗ്യകരമായി തുടരണമെങ്കില്‍ അതിനുള്ളില്‍ ഒരു വിധത്തിലുള്ള ഓട്ടോഫജി നടക്കണം. ആ ധര്‍മ്മം നിറവേറ്റുന്നവരാണ് നല്ല നിരൂപകര്‍. ചപ്പും ചവറുമായി വഴിമുടക്കുന്ന ക്ഷുദ്രരചനകളെ ഉടനടി നീക്കം ചെയ്യണം. പുതിയ വാഗ്ദാനങ്ങളെ സ്വാഗതം ചെയ്യുകയും വേണം. എങ്കിലേ സാഹിത്യം ജീവസ്സുറ്റതാവൂ.

ഇങ്ങനെയൊരു ഉപമ ഇവിടെ സൂചിപ്പിക്കാന്‍ കാരണം, എന്‍റെ മുമ്പില്‍ ഏതാണ്ട് 1600 പേജുകളിലായി വിസ്തരിച്ചു കിടക്കുന്ന രണ്ട് പുസ്തകങ്ങളാണ് – പ്രശസ്ത സാഹിത്യനിരൂപകനും സാമൂഹിക നിരീക്ഷകനുമായ എം. കെ. ഹരികുമാറിന്‍റെ ‘അക്ഷരജാലക’ത്തിന്‍റെ ഒന്നും രണ്ടും വാല്യങ്ങള്‍. കഴിഞ്ഞ 25 വര്‍ഷങ്ങളിലധികമായി ഒരിക്കലും മുടങ്ങാതെ ഹരികുമാര്‍ എഴുതിക്കൊണ്ടിരുന്ന കോളം ഒരിക്കലെങ്കിലും കാണാത്ത സാഹിത്യ പ്രേമികള്‍ മലയാളത്തില്‍ ഇന്ന് ഉണ്ടാവില്ല. ആയിരത്തറുനൂറ് പുറങ്ങള്‍ എന്നു കേട്ടതുകൊണ്ട് വായനക്കാര്‍ ഭയപ്പെടേണ്ട. ഓരോ പേജും നിങ്ങള്‍ക്ക് ഒരു പുതിയ ഉള്‍ക്കാഴ്ചയോ ഒരു പുതിയ അറിവോ നല്‍കും. സാഹിത്യം, തത്വചിന്ത, സംസ്കാരം, ചരിത്രം, ആനുകാലിക സംഭവവികാസങ്ങള്‍ എന്നിവയിലേക്കെല്ലാം നിരവധി ജാലകങ്ങളാണ് ഓരോ പേജിലെയും കുറെ അക്ഷരങ്ങളിലൂടെ തുറന്നുകിട്ടുന്നത്. ഈ കാഴ്ചകള്‍ കണ്ടുകൊണ്ടിരുന്നാല്‍ നിങ്ങള്‍ പേജ് എണ്ണുകയില്ല. വിരസതയെന്ന വാഗ്ദോഷം ഹരികുമാറിന്‍റെ അക്ഷരജാലകത്തെ തൊട്ടുതീണ്ടിയിട്ടില്ല. സ്വദേശികളും വിദേശികളുമായ എഴുത്തുകാരെയും കലാകാരരെയും ചിന്തകരെയും സാഹിത്യാസ്വാദകരെയും കൊച്ചുകൊച്ചു വിവരണങ്ങളിലൂടെയും ഉദ്ധരണികളിലൂടെയും നമുക്കു മുമ്പില്‍ അവതരിപ്പിക്കുന്ന സൂക്ഷ്മനിരീക്ഷകനായ എം. കെ. ഹരികുമാര്‍ വാസ്തവത്തില്‍ വന്‍ വാതായനങ്ങളാണ് മലയാള വായനക്കാര്‍ക്കു മുമ്പില്‍ വിശാലമായി തുറക്കുന്നത്.

ദിനംതോറും സാഹിത്യവിഹായസ്സിനെ നിരീക്ഷിക്കുകയും ആ നിരീക്ഷണങ്ങളെ ആഴ്ചതോറും അര്‍ത്ഥപൂര്‍ണ്ണമായി അച്ചടിമാധ്യമത്തിലൂടെ സഹൃദയരിലേക്ക് വിനിമയം ചെയ്യുക എന്നതും അതീവ ദുഷ്കരമായ കര്‍മ്മമാണ്. എയര്‍പോര്‍ട്ടുകളില്‍ ചെല്ലുമ്പോള്‍ ദൂരെനിന്നേ കാണാം 24 മണിക്കൂറും കറങ്ങിക്കൊണ്ട് വ്യോമാന്തരീക്ഷത്തെ അരിച്ചുപെറുക്കി സ്കാന്‍ ചെയ്യുന്ന റഡാര്‍ സംവിധാനം. വിമാനങ്ങളുടെ വരവും പോക്കും കണ്‍ട്രോള്‍ ടവ്വറില്‍ ഇരിക്കുന്നവര്‍ക്ക് നിയന്ത്രിക്കുന്നതിന് ഈ റഡാര്‍ അനുപേക്ഷണീയമാണ്. ആനുകാലികങ്ങളും ഇതര പ്രസിദ്ധീകരണങ്ങളും ഇങ്ങനെ സ്കാന്‍ ചെയ്തുകൊണ്ടാണ് ഹരികുമാര്‍ തന്‍റെ അക്ഷരജാലകം തുറക്കുന്നത്. എല്ലാ സാഹിത്യരചനകളും കാണാനോ വായിക്കാനോ സാധിക്കാത്ത ഒരു വലിയ സഹൃദയവൃന്ദം ഈ നിരൂപകന്‍റെ റഡാര്‍ സംവിധാനത്തെയാണ് ആശ്രയിക്കുന്നത്. ഈ ജാലകം തുറക്കുമ്പോള്‍ ആനുകാലിക സാഹിത്യത്തില്‍ എന്തൊക്കെ എവിടെയൊക്കെയാണ് എന്നും അവയുടെ ഗതിവിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചും നമുക്ക് പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയുന്നു. ഈ കര്‍മ്മം രണ്ടും മൂന്നും ആഴ്ചകളല്ല, അതിദീര്‍ഘമായ കാല്‍ നൂറ്റാണ്ടിലധികമായി ജാഗ്രത്തായ ബോധത്തോടെ ഈ നിരൂപകന്‍ അനുഷ്ഠിച്ചുകൊണ്ടിരിക്കുന്നു എന്നറിയുമ്പോഴാണ് നാം വിസ്മയം കൂറുന്നത്. എം. കെ. ഹരികുമാര്‍ എന്ന നിരൂപകന്‍ പരാമര്‍ശിക്കുന്ന സാഹിത്യരചനകള്‍ ഒരിക്കലും നേരിട്ട് വായിക്കാന്‍ നമുക്കു ഇടയായില്ലെങ്കിലും അവയ്ക്കിടയില്‍ അദ്ദേഹം കുറിക്കുന്ന ദാര്‍ശനികമായ കാഴ്ചപ്പാടുകളും സാമൂഹ്യവിചിന്തനങ്ങളും വളരെ ശ്രദ്ധേയമാണ്. തികഞ്ഞ നര്‍മ്മബോധത്തോടും ചിലപ്പോള്‍ കുറിക്കുകൊള്ളുന്ന ആക്ഷേപഹാസ്യത്തോടും മറ്റു ചിലപ്പോള്‍ ഉള്ളുനിറഞ്ഞ അഭിനന്ദനങ്ങളോടും കൂടി നടത്തുന്ന പ്രസ്താവനകളും വിധിവാചകങ്ങളും നമ്മെ തീര്‍ച്ചയായും രസിപ്പിക്കും. അതുകൊണ്ട് സാഹിത്യവിമര്‍ശനം എന്ന ചുരുങ്ങിയ ലേബലില്‍ ‘അക്ഷരജാലക’ത്തെ ഒതുക്കാനാവില്ല. സാഹിതീയവും സാമൂഹികവും രാഷ്ട്രീയവും വൈജ്ഞാനികവുമായ സാംസ്കാരിക ധാരകളെയെല്ലാം തൊട്ടുഴിയുന്ന ഹരികുമാര്‍ രചന ആ തലത്തില്‍ സര്‍ഗ്ഗാത്മകവുമാണ്. ഇപ്പറഞ്ഞതിന് ഉദാഹരണങ്ങള്‍ ഉദ്ധരിക്കാന്‍ ശ്രമിച്ചാല്‍, അക്ഷരജാലകത്തിന്‍റെ ഓരോ പുറവും അടിക്കുറിപ്പില്‍ രേഖപ്പെടുത്തേണ്ടി വരും.

ആനുകാലിക സാഹിത്യത്തിലെ നന്മതിന്മകളെ വിവേചിച്ചറിയാനും, നല്ല കൃതികളുടെ പ്രകാശപൂര്‍ണ്ണമായ സൗന്ദര്യവീചികളെ വായനക്കാരിലേക്ക് പ്രസരിപ്പിച്ച് ഒരു പുതിയ സാഹിതീസംസ്കാരം വളര്‍ത്തിയെടുക്കാനും ഹരികുമാര്‍ നടത്തുന്ന നിസ്തന്ദ്രമായ യത്നത്തെ പൂര്‍ണ്ണമനസ്സോടെ നാം അഭിനന്ദിക്കേണ്ടിയിരിക്കുന്നു. സ്വാഭാവികമായും വളരെയേറെ കല്ലേറും അവഹേളനങ്ങളും ഭീഷണികളും അദ്ദേഹം നേരിടുന്നുണ്ട്. എന്നാല്‍ തനിക്കു ലഭിച്ച സൗന്ദര്യദര്‍ശനത്തില്‍ വേരൂന്നി അക്ഷോഭ്യനായി, നിര്‍മമനായി നിലകൊള്ളുന്ന ഈ നിരൂപകന്‍ മലയാണ്മയ്ക്കൊരു അനുഗ്രഹമാണ്.