കുരിശ് എന്ന അനുഗ്രഹീത വൃക്ഷം | ഫാ. കെ. എം. ജോര്‍ജ്ജ്

cross-icon
പാതിനോമ്പില്‍ പള്ളിയുടെ മധ്യത്തില്‍ നാം കുരിശ് സ്ഥാപിക്കുന്നു. ഇതിന് പ്രതീകാത്മകമായ അര്‍ത്ഥമാണ് (്യൊയീഹശര ാലമിശിഴ) സഭ കല്പിക്കുന്നത്. പള്ളി അഥവാ ദേവാലയം ദൈവസൃഷ്ടിയായ ഈ പ്രപഞ്ചത്തിന്‍റെ ചെറിയ രൂപമാണ്. അപ്പോള്‍ സൃഷ്ടിയുടെ കേന്ദ്രത്തിലാണ് യേശുവിന്‍റെ സ്ലീബാ സ്ഥാപിക്കപ്പെടുന്നത്. അതുപോലെ, നാല്‍പ്പതുനോമ്പ് നമ്മുടെ ആയുസിന്‍റെയും പ്രപഞ്ചത്തിന്‍റെയും എല്ലാം പ്രതീകാത്മകമായ കാലമാണ്. അതിന്‍റെ പകുതിയിലാണ് കുരിശുവയ്ക്കുന്നത്. അപ്പോള്‍ സ്ഥലകാലങ്ങളുടെ (ുമെരലശോല) കേന്ദ്രത്തിലാണ് കര്‍ത്താവിന്‍റെ രക്ഷാകരമായ കുരിശു നാട്ടപ്പെടുന്നത്. ക്രിസ്തുവിലൂടെയുള്ള രക്ഷയുടെ സാര്‍വ്വജനീനതയാണ് ഇതു കാണിക്കുന്നത്.
മോശ മരുഭൂമിയില്‍ പിച്ചളസര്‍പ്പത്തെ ഉയര്‍ത്തി, ഇസ്രായേല്‍ ജനതയെ സര്‍പ്പവിഷത്തില്‍ നിന്ന് രക്ഷിച്ച കഥ, പാതിനോമ്പിലെ ശുശ്രൂഷയുടെ പശ്ചാത്തലമാണ്. ഗ്രീക്കുകാരുടെ പുരാതന വൈദ്യശാസ്ത്രത്തില്‍ പാമ്പ് സന്നിഗ്ധ പ്രതീകമാണ് – ഒരേസമയം മരണത്തിന്‍റെയും ജീവന്‍റെയും. പാമ്പുവിഷം മരണകാരണമാണ്. അതേ വിഷം തന്നെ ചെറിയ ഡോസില്‍ വിഷത്തിന് പ്രതിരോധം ആയി തീരുന്നു. പാളയത്തില്‍ ഉയര്‍ത്തപ്പെട്ട പിച്ചളസര്‍പ്പം പില്‍ക്കാല വ്യാഖ്യാനത്തില്‍ കുരിശിന്മേല്‍ ഉയര്‍ത്തപ്പെട്ട ക്രിസ്തുരൂപമാണ്. അത് സൗഖ്യത്തിന്‍റെയും ജീവന്‍റെയും അടയാളം ആണ്. വിശ്വാസത്തോടെ ക്രിസ്തുവിങ്കലേക്ക് നോക്കുന്നവര്‍ മാരകമായ വിഷങ്ങളില്‍ നിന്നും മരണത്തില്‍ നിന്നും മോചനം പ്രാപിച്ചു സൗഖ്യവും ജീവനും നേടുന്നു.
മറ്റൊരു പ്രതീകം ഇവിടെ പ്രത്യേകം ശ്രദ്ധേയമാണ്. പാതിനോമ്പില്‍ പള്ളിയുടെ മദ്ധ്യത്തില്‍ നാം സ്ഥാപിക്കുന്നത് ജീവന്‍റെ വൃക്ഷമാണ്. തക്സായില്‍ പറയുന്നതുപോലെ, ڇമറിയാമെന്ന വരണ്ട ഭൂമിയില്‍ നിന്ന് മുളച്ചുവന്ന്, തന്‍റെ സൗരഭ്യംമൂലം ലോകത്തിന്‍റെ നാനാഭാഗത്തുനിന്നും തിന്മയുടെ ദുര്‍ഗന്ധം മാറ്റുന്ന അനുഗൃഹീത സസ്യം.ڈ പറുദീസയുടെ മദ്ധ്യത്തിലുണ്ടായിരുന്ന നന്മതിന്മകളുടെ വൃക്ഷം ആദാമിനും ഹവ്വായ്ക്കും മനുഷ്യവര്‍ഗ്ഗത്തിനു മുഴുവനും മരണകാരണമായി തീര്‍ന്നെങ്കില്‍, അവിടെത്തന്നെയുള്ള ജീവന്‍റെ വൃക്ഷം നമുക്ക് രക്ഷയ്ക്കും നിത്യജീവനും കാരണമായിത്തീര്‍ന്നു. ദൈവാലയത്തിനുള്ളില്‍, അതായത് തോട്ടത്തിന് മധ്യത്തില്‍ ഉയര്‍ത്തപ്പെടുന്ന ആ ജീവവൃക്ഷമാണ് സ്ലീബാ. വെളിപാടു പുസ്തകത്തില്‍ ജനതകള്‍ക്ക് സൗഖ്യം നല്‍കുന്ന ഇലകളുള്ള വൃക്ഷത്തെക്കുറിച്ച് പറയുന്നു.
ഇനിമുതല്‍ നോമ്പിന്‍റെ അവസാനം വരെയും, വിശുദ്ധവാരത്തില്‍ കര്‍ത്താവിന്‍റെ പീഡാനുഭവം, കുരിശാരോഹണം, കബറടക്കം, ഉയിര്‍പ്പ്, സ്വര്‍ഗ്ഗാരോഹണം എന്നിവ വരെയും ക്രിസ്തുശരീരത്തിന്‍റെ പ്രതീകമായി നില്‍ക്കുന്നത് ഈ കുരിശാണ്. നമ്മുടെ ജീവന്‍റെയും സകല സൃഷ്ടികളുടെ ജീവന്‍റെയും കേന്ദ്രത്തില്‍ മുളച്ചുവന്ന്, ഉയര്‍ന്നു നില്‍ക്കുന്ന കുരിശ് എന്ന അനുഗൃഹീത വൃക്ഷം നമുക്ക് ദൈവകരുണയുടെ അടയാളമാണ്. നമുക്ക് വിശ്വാസത്തോടും പ്രത്യാശയോടുംകൂടി ഈ കുരിശിലേക്ക് നോക്കാം. സൗഖ്യദായകനായ നമ്മുടെ കര്‍ത്താവു നമ്മുടെ പാപങ്ങളെയും എല്ലാ തിന്മകളെയും നീക്കി, നമുക്ക് സൗഖ്യവും ജീവനും നല്‍കട്ടെ. ലോകത്തില്‍ പുതിയ ജീവന്‍റെ വസന്തസൗരഭ്യം പ്രസരിക്കട്ടെ.
(പാതിനോമ്പ് ശുശ്രൂഷാമദ്ധ്യേ ദേവലോകം അരമന ചാപ്പലില്‍ 2014-ല്‍ ചെയ്ത പ്രസംഗം)